ജല്‍ ജീവന്‍ മിഷന്‍: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികള്‍

post

തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 21.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായ 666 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 14 ജില്ലകളിലും ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ സമിതി കൂടിയാണ് 13.64 ലക്ഷം കണക്ഷനുകള്‍ നല്‍കാനായുള്ള 3407.04 കോടി രൂപയുടെ 666 വിശദ എന്‍ജിനീയറിങ് റിപ്പോര്‍ട്ടുകള്‍ (ഡി ഇ ആര്‍)  അംഗീകാരം നല്‍കിയത്.

പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്തുതലങ്ങളിലും ജില്ലാതലങ്ങളിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികള്‍ ഊര്‍ജിതമായ പ്രവര്‍ത്തനം ആരംഭിച്ചു. 2020-2021ലേക്കുള്ള പദ്ധതിയായി 21.42 ലക്ഷം കണക്ഷനുകള്‍ നല്‍കാനുള്ള പ്രവൃത്തികളുടെ വിശദമായ എന്‍ജിനീയറിങ് റിപ്പോര്‍ട്ടും പഞ്ചായത്ത്തല കര്‍മ പഞ്ചായത്തുകളില്‍ നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ പദ്ധതിയില്‍ 791 പഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. 2020 ജൂലൈ 27വരെ 704 പഞ്ചായത്തുകളില്‍ ഡി ഇ ആര്‍ സമര്‍പ്പിച്ചു. 668 പഞ്ചായത്തുകളില്‍ നിന്നും പദ്ധതി അംഗീകരിച്ചുള്ള പ്രമേയം ലഭിച്ചു.  14 ജില്ലകളില്‍ ഡിഡബ്ല്യു എസ് എം  സമിതികള്‍ യോഗം ചേര്‍ന്നു. സംസ്ഥാന തലത്തിലെ പദ്ധതി അംഗീകരിക്കാനായി സ്റ്റേറ്റ് വാട്ടര്‍ & സാനിറ്റേഷന്‍ മിഷന്‍ ഈ മാസം അഞ്ചിന് (ആഗസ്റ്റ് അഞ്ച്) ചേരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും 2024 ഓടെ  കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കേരളത്തിലെ നിലവില്‍ 67.41 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് ഉള്ളത്. ഇതില്‍  17.5 ലക്ഷം വീടുകളില്‍ മാത്രമാണ് ഇപ്പോള്‍ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നുള്ളൂ. 49.65 ലക്ഷം വീടുകളില്‍ കൂടി ഇനി കണക്ഷന്‍ നല്‍കേണ്ടതുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 50:50 എന്ന അനുപാതത്തിലാണ് വിഹിതം വഹിക്കുന്നത്. 15 ശതമാനം വിഹിതം പഞ്ചായത്താണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ  എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃവിഹിതമായും ഉറപ്പാക്കണം.

പദ്ധതി നിര്‍വ്വഹണത്തിനായി കേരള ജല അതോറിറ്റി വിവിധ തലങ്ങളില്‍ പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്  (പി ഐ യു) രൂപീകരിച്ചു. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജല അതോറിറ്റി ആസ്ഥാന കാര്യാലയത്തില്‍ പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കും. സൂപ്രണ്ടിംഗ്  എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്തല പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. ഓരോ പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് ഇന്‍ ചാര്‍ജുമാരെ നിയോഗിച്ചിട്ടുണ്ട്.

നിലവിലെ പദ്ധതികളുടെ  നവീകരണത്തിലൂടെയും പൈപ്പ് ലൈന്‍ വിപുലീകരിച്ചും 13.12 ലക്ഷം കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്ന പദ്ധതികളില്‍നിന്നും 8.3 ലക്ഷം കണക്ഷനുകളും നല്‍കാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള 27.7 ലക്ഷം വീടുകള്‍ക്ക് കണക്ഷന്‍ നല്‍കാനായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതി വഴി 21.42 ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഈ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി സംബന്ധിച്ച്, കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ്  ഷെഖാവത്തും  കേരള മുഖ്യമന്ത്രി പിണറായി വിജയനും  2020 ജൂലൈ 30ന്, ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തി. പദ്ധതി നടത്തിപ്പിനായി കേരളം സ്വീകരിച്ച മൈക്രോ ലെവല്‍ പ്ലാനിങ് രീതിയെ കേന്ദ്രസംഘം അഭിനന്ദിച്ചു. 2020-21ലേക്കായി 6,377 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.  ആകെ തുകയില്‍ കേന്ദ്ര വിഹിതം 2869.5 കോടിയും (45 ശതമാനം) സംസ്ഥാന വിഹിതം 1913 കോടിയും (30  ശതമാനം)  പഞ്ചായത്ത് വിഹിതം 956.5 കോടിയും (15 ശതമാനം) ഗുണഭോക്തൃവിഹിതം 637.7 കോടിയും (10 ശതമാനം) ആണ്. പതിനഞ്ചാം  ധനകാര്യ കമ്മിഷന്റെ, പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് പഞ്ചായത്ത് വിഹിതത്തിനായി ഉപയോഗിക്കാനാകും. സംസ്ഥാനം ഇതിനകം തന്നെ 400 കോടി രൂപ ജല ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുവാനായി ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് ജല വിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.