കോവിഡ് പ്രതിരോധം: സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം അപകടം കുറച്ചു: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡിനൊപ്പം നാം സഞ്ചരിക്കാന്‍ തുടങ്ങിയ ആറു മാസത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ആരോഗ്യമേഖല മാത്രം പരിശോധിച്ചാല്‍ സര്‍ക്കാര്‍ നടത്തിയ ഇടപടലുകള്‍ എത്രത്തോളമാണ് എന്ന് മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെയാണ് നിയമിച്ചത്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാക്കി. 273 തസ്തികകള്‍ സൃഷ്ടിച്ചു. 980 ഡോക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. ഇതിനുപുറമെ 6700 താല്‍ക്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. ഏറ്റവും താഴെത്തട്ടില്‍വരെ നമ്മുടെ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

കോവിഡ് പ്രതിരോധത്തിനു മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്നു. ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റുകയും സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. 105ഉം 93ഉം വയസ്സുള്ള പ്രായമേറിയ രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വാര്‍ഡുതല സമിതികള്‍ തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങളാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ കരുത്താകുന്നത്.

ജനുവരി 30നാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ചൈനയില്‍ ഒരു പ്രത്യേകതരം സാര്‍സ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിരുന്നു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവര്‍ത്തന രൂപരേഖയും നിര്‍ദേശങ്ങളും തയ്യാറാക്കി.

ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളിലായി ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്. ആ 3 കേസുകളില്‍ ആദ്യ ഘട്ടം ഒതുങ്ങുകയും ചെയ്തു. രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കോവിഡിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന അതിര്‍ത്തി വഴിയും എയര്‍പോര്‍ട്ട്, സീപോര്‍ട്ട് വഴിയും ആളുകള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയ ഘട്ടമാണിത്. ഇതുവരെ പുറത്തുനിന്ന് 6,82,699 പേര്‍ വന്നിട്ടുണ്ട്. അതില്‍ 4,19,943 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 2,62,756 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നുമാണ്.

മൂന്നാംഘട്ടത്തില്‍ ജൂലൈ 29 വരെ 21,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 9099 പേര്‍ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 12,199 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. മൂന്നാംഘട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാല്‍ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ ഘട്ടമായാലും അണ്‍ലോക്ക് ഘട്ടമായാലും ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നും, ഒരു ജീവിപോലും കരുതലിന് പുറത്തായികൂട എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.

ലോക്ഡൗണ്‍ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആസാഹചര്യത്തെ മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്തു.

ക്ഷേമപെന്‍ഷന്‍ കിട്ടാത്ത പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍ക്ക് ധനസഹായം വേറെയും നല്‍കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. അതില്‍ 1,84,474, പേര്‍ക്കായി 1742.32 കോടി രൂപ ഇതിനകം വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം പലവ്യജ്ഞന കിറ്റുകളും സൗജന്യമായി നല്‍കി. അങ്കന്‍വാടികളില്‍ നിന്നും നല്‍കുന്ന പോഷകാഹാരം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. സമൂഹ അടുക്കള വഴി ലോക്ഡൗണ്‍ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണവിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഭക്ഷണശാലകള്‍ ആരംഭിച്ചു.

ജനങ്ങള്‍ക്ക് അധികഭാരമില്ലാതെ ഈ കാലഘട്ടത്തെ മറികടക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഐടി, വ്യവസായം, ചെറികിട വ്യവസായം, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കുള്ള വ്യാപാരികള്‍ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ആവശ്യമായ ഇളവകുള്‍ ഈ ഘട്ടങ്ങളില്‍ നല്‍കി. ഇത്തരം ഇടപെടലുകള്‍ അണ്‍ലോക്ക് ഘട്ടത്തിലും തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴില്‍ മേഖലയിലും ഉല്‍പാദനമേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.

രണ്ടുമാസത്തെ ക്ഷേമപെന്‍ഷനും സാമൂഹ്യസുരക്ഷാ പെന്‍ഷനും ഇപ്പോള്‍ വിതരണം ചെയ്യുകയാണ്. ഓണത്തിനു മുന്നോടിയായി സൗജന്യ ഭക്ഷണകിറ്റ് നല്‍കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ ആറു മാസങ്ങളാണ് പിന്നിടുന്നത്. കോവിഡിനോടൊപ്പം തന്നെ ഇനിയും സഞ്ചരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാകുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.