എഴുത്തച്ഛൻ പുരസ്‌കാരം കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

post

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ 2025-ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് കെ.ജി.ശങ്കരപ്പിള്ള അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. എൻ.എസ്.മാധവൻ ചെയർമാനും  കെ.ആർ.മീര, ഡോ.കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്‌കാരനിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.

മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്‌കാരത്തിൽ വ്യത്യസ്തമാക്കിയ കവികളിൽ പ്രധാനിയായ കെ.ജി.ശങ്കരപ്പിള്ള ഭാഷയിലും രൂപത്തിലും ഭാവത്തിലും തന്റേതായ പുതുവഴി  സൃഷ്ടിച്ചെടുത്തതായി മന്ത്രി പറഞ്ഞു. സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ.ജി.എസിന്റെ കവിതകൾ. പ്രകടാർത്ഥത്തിൽനിന്നും വ്യത്യസ്തമായി ആന്തരാർത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മൂർച്ചയാണ് അദ്ദേഹത്തിന്റെ വരികൾക്ക്. ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ അരനൂറ്റാണ്ടിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള ശക്തമായ സാന്നിധ്യം ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. സമകാല രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോൾത്തന്നെ ഭാവപരമായ ഔന്നിത്യം പുലർത്തുന്നവയാണെന്നും മന്ത്രി വ്യക്തമാക്കി.

മലയാളസാഹിത്യത്തെ സാമാന്യമായും കവിതാസാഹിത്യത്തെ സവിശേഷമായും സമ്പന്നമാക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭാധനനാണ് കെ.ജി.എസ്. എന്ന്  ജൂറി അഭിപ്രായപ്പെട്ടതായും മന്ത്രി അറിയിച്ചു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യരും കേരള  സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മലയാളഭാഷയ്ക്കും സാഹിത്യത്തിനും സമഗ്രസംഭാവനകളർപ്പിച്ച ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കുന്നതിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതാണ് എഴുത്തച്ഛൻ പുരസ്‌കാരം.