സമ്പര്‍ക്കത്തിലൂടെ ഏഴു പേര്‍ക്കു കൂടി രോഗബാധ

post

കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം മുഖേന ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. പത്തനംതിട്ടയില്‍ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതില്‍ അഞ്ചു പേര്‍. ഇവര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ പത്തനംതിട്ട സ്വദേശിയാണ്.

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ(33),മകന്‍ (4), സഹോദരന്‍ (34), ഭാര്യാമാതാവ്(65), ഭാര്യാസഹോദരന്‍(38) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റിവായത്. ഭാര്യയും മകനും സഹോദരനും മണര്‍കാട് മാലത്തും ഭാര്യാമാതാവും ഭാര്യാ സഹോദരനും എഴുമാന്തുരുത്തിലുമാണ് താമസിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബന്ധുക്കളായ നാലുപേര്‍ക്ക് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു.

ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച സ്വകാര്യ കമ്പനി ജീവനക്കാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉദയനാപുരം സ്വദേശി(25)യുടെ പരിശോധനാ ഫലവും പോസിറ്റീവായി. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പള്ളിക്കത്തോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി(34)ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് കരുതപ്പെടുന്നു.