സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇനി 'ഉദ്യം'രജിസ്‌ട്രേഷന്‍ വേണം

post

തിരുവനന്തപുരം : എസ്.എസ്.ഐ രജിസ്‌ട്രേഷനും എന്റര്‍പ്രൈണര്‍ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ചെറുകിട വ്യവസായ മേഖല 'ഉദ്യം' (Udyam) രജിസ്‌ട്രേഷനിലേക്ക്.ജൂലായ് ഒന്നു മുതല്‍ ഉദ്യം രജിസ്‌ട്രേഷനാണ് സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എടുക്കേണ്ടി വരിക. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തിലെ ഭേദഗതികളും അംഗീകരിച്ചിട്ടുണ്ട്.

സൂക്ഷ്മ സംരംഭം എന്നാല്‍ പ്ലാന്റിലും മെഷിനറിയിലും ഉപകരണങ്ങളിലും ഉള്ള നിക്ഷേപം ഒരു കോടി രൂപ അധികരിക്കാതെയും വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടി അധികരിക്കാതെയും ഉള്ളവയായിരിക്കണം.

ചെറുകിട സംരംഭം എന്നാല്‍ പ്ലാന്റ്, മെഷിനറി ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 10 കോടിയില്‍ അധികരിക്കാതെയും വിറ്റുവരവ് 50 കോടിയില്‍ അധികരിക്കാതെയും ഉള്ളവയാണ്.

ഇടത്തരം സംരംഭം എന്നാല്‍ പ്ലാന്റ്, മെഷിനറി, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 50 കോടിയില്‍ അധികരിക്കാതെയും വിറ്റുവരവ് 250 കോടിയില്‍ അധികരിക്കാതെയും ഉള്ളവയാണ്.

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഓണ്‍ലൈന്‍ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ (www.udyamregitsration.gov.in ) കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട. ആധാര്‍ നമ്പര്‍ മാത്രം മതിയാകും.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉദ്യം രജിസ്‌ട്രേഷന്‍ നമ്പരും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പോര്‍ട്ടലില്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോമില്‍ സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം.ഒരേ സംരംഭം ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ എടുക്കാന്‍ പാടില്ല. നിര്‍മ്മാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഒന്നില്‍ത്തന്നെ ഉള്‍പ്പെടുത്താം.

നിലവില്‍ ഇ.എം.2., ഉദ്യോഗ് ആധാര്‍ എന്നിവ എടുത്തിരിക്കുന്നവര്‍ പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. എന്നാല്‍ അവരുടെ നിലവിലുള്ള രജിസ്‌ട്രേഷന്റെ കാലാവധി 2021 മാര്‍ച്ച് 31 വരെ ഉണ്ടായിരിക്കും.

മറ്റ് ഏതൊരു സ്ഥാപനവുമായോ, എം.എസ്.എം.ഇ മന്ത്രാലയവുമായോ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും ഉദ്യം രജിസ്‌ട്രേഷന്‍ എടുക്കണം. ഉദ്യം രജിസ്‌ട്രേഷന്‍ പുതുതായി എടുക്കുന്നതും നിലവിലുള്ളവര്‍ എടുക്കുന്നതും പുതിയ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

സംയുക്ത മാനദണ്ഡത്തില്‍ ഏതെങ്കിലും ഒരിനം വ്യത്യാസപ്പെട്ടാല്‍ അതനുസരിച്ച് കാറ്റഗറിയും മാറും. എന്നിരുന്നാലും സ്ഥാപനത്തിന് ഉയര്‍ന്ന കാറ്റഗറിയിലേക്ക് മാത്രമേ മാറാന്‍ കഴിയൂ. താഴ്ന്ന കാറ്റഗറിയിലേക്ക് പറ്റില്ല. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് അതിന്റെ മൂല്യം ഒഴിവാക്കിക്കൊണ്ടു മാത്രമേ വിറ്റുവരവ് കണക്കാക്കുകയുള്ളൂ എന്നും നോട്ടിഫിക്കേഷനില്‍ പറയുന്നു. എം.എസ്.എം.ഇ. ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിനു വേണ്ട ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ചെലവുകളോ ഫീസുകളോ ആര്‍ക്കും നല്‍കേണ്ട. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.udyamregitsration.gov.in ചെയ്യാമെന്ന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അറിയിച്ചു.