കൈത്തറി പ്രത്യേക റിബേറ്റ് മേള ഈ മാസം 20 വരെ

post

തിരുവനന്തപുരം:  കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍  പ്രത്യേക റിബേറ്റ് മേള ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു. ഈ മാസം 20 വരെ തുടരുന്ന മേളയില്‍ എല്ലാതരം തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. കൈത്തറി സംഘങ്ങള്‍ വഴിയും ഹാന്‍ടെക്‌സ്, ഹാന്‍വീവ് വില്‍പ്പനശാലകളിലൂടെയും ഓണ്‍ലൈനായും ഉല്‍പന്നങ്ങള്‍ ലഭ്യമാകും. സഹകരണ സംഘങ്ങള്‍ ഹോം ഡെലിവറിയും നടത്തും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിഷു, റംസാന്‍ വില്‍പ്പന നടക്കാതിരുന്നത് കൈത്തറി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക റിബേറ്റ് മേള സംഘടിപ്പിക്കുന്നത്. നഷ്ടമായ വിപണി വീണ്ടെടുക്കാനും തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാനും റിബേറ്റ് വില്‍പ്പനയിലൂടെ കഴിയും. അതിലൂടെ കൈത്തറിമേഖലയുടെ പുനഃരുദ്ധാരണത്തിന് കരുത്തുപകരാനുമാകും. ലോക്ക്ഡൗണിനെ തുടര്‍ന്ന് 14 ദിവസത്തെ റിബേറ്റ് വില്‍പന ദിനങ്ങളാണ് നഷ്ടമായത്. പകരം 20 ദിവസമാണ് പ്രത്യേക റിബേറ്റ് മേള. സാധാരണയായി ഷോറൂമുകള്‍ വഴിയും ജില്ലാ തല മേളകളിലൂടെയുമാണ്  റിബേറ്റ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ റിബേറ്റ് മേളയില്‍ കൈത്തറി സംഘങ്ങള്‍ക്ക് നേരിട്ടും റിബേറ്റ് വില്‍പന നടത്താനാകും. ഓഫീസുകള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വാഹനങ്ങളിലും വിപണനം നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും വില്‍പ്പന.