കശുവണ്ടി വ്യവസായം ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

post

തിരുവനന്തപുരം : കശുവണ്ടി സംസ്‌ക്കരണ വ്യവസായത്തെ ചെറുകിട -  ഇടത്തരം  വ്യവസായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പരാമാവധി  ബാങ്കിംഗ് സഹായങ്ങളും, സര്‍ക്കാര്‍ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഫിഷറീസ,് കശുവണ്ടി  വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്‌കീമിന്റെ നിബന്ധനകള്‍ പരിഷ്‌ക്കരിച്ച് കശുവണ്ടി വ്യവസായത്തെ ചെറുകിട - ഇടത്തരം വ്യവസായത്തിന്റെ   പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.  അതിനാല്‍  ഈ വ്യവസായങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും കശുവണ്ടി വ്യവസായത്തിനും അര്‍ഹതയുണ്ട്.

മൂന്ന് ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി വ്യവസായത്തിന് ആവശ്യമായ ബാങ്കിംഗ് സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ കശുവണ്ടി വ്യവസായത്തിന് ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.  

50 കോടി രൂപവരെ നിക്ഷേപമുള്ളതും  250 കോടി രൂപയുടെ  ഉത്പാദനം ഉള്ളതുമായ  വ്യവസായങ്ങളെയാണ് ചെറുകിട ഇടത്തരം  വ്യവസായങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും ഈ പട്ടികയിലാണ് വരുന്നത്.ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ കശുവണ്ടി വ്യവസായത്തിനും ലഭിക്കാന്‍ എം.എസ്.എം.ഇ. പോര്‍ട്ടല്‍ വഴി ഉദ്യോഗ് ആധാറിന് രജിസ്റ്റര്‍ ചെയ്യണം.സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉദ്യോഗ് ആധാറിന് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഉദ്യോഗ് ആധാര്‍ നമ്പര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്റെ പോര്‍ട്ടലില്‍ ജിയോ ടാഗ് ചെയ്യണം.

  തൊഴില്‍  നിയമങ്ങള്‍ പാലിക്കാതെയും സാമ്പത്തിക അച്ചടക്കമില്ലാതെയും വ്യവസായം നടത്തുന്നവരുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  ഇതിനായി വ്യവസായം,  ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കാഷ്യൂ സ്പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കമ്മറ്റി പരിശോധന നടത്തി തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയും സാമ്പത്തിക അച്ചടക്കം പാലിക്കാതെയും നടത്തുന്ന ഉടമകളെ കണ്ടെത്തും.  തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളില്‍ പരിശോധന നടത്തി ആഗസ്റ്റ് അവസാനം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.