ലോക്ക് ഡൗണിലും കര്‍മ്മനിരതരായി എസ് പി സി കേഡറ്റുകള്‍

post

ഇടുക്കി: കോവിഡ് 19 നുമായി ബന്ധപ്പെട്ടുള്ള ലോക്ക് ഡൗണ്‍ കാലത്തും വിവിധ പദ്ധതികളുമായി കര്‍മ്മനിരതരാണ് ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍. ജില്ലയില്‍ 36 യൂണിറ്റുകളിലായി 3280 കുട്ടികളും 74 അധാപകരും 74 പോലീസ് ഉദ്യോഗസ്ഥരും എസ് പി സി യില്‍ പ്രവര്‍ത്തിക്കുന്നു.  ഒരു വയറൂട്ടാം പദ്ധതിയിലൂടെ  ഭക്ഷ്യസാധന കിറ്റുകളും ഭക്ഷണവും നല്കി പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം കേഡറ്റുകളും കാരുണ്യ പരിപാടിയില്‍ പങ്കാളികളായി. സംസ്ഥാനത്താകെ എസ് പി സി യുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും കേഡറ്റുകളുടെയും വീടുകളിലായി 3,200 പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നു. 

വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് വെള്ളം നല്കുന്ന പറവയ്‌ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി പ്രകാരം 10,946 തണ്ണീര്‍ക്കുടങ്ങള്‍ ജില്ലയില്‍ ഒരുക്കി. കോവിഡ് രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കേഡറ്റുകള്‍ 22347 മാസ്‌കുകള്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്തു. വീട്ടിലൊരു വായനാമൂല പദ്ധതിയുടെ ഭാഗമായി പതിനായിരത്തിലധികം പുസ്തകങ്ങള്‍ വായിക്കുവാനും വായനക്കുറിപ്പ് തയ്യാറാക്കാനും കേഡറ്റുകള്‍ക്ക് സാധിച്ചു. സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ ഓരോ ദിവസവും നിശ്ചിത എണ്ണം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 12701 രൂപ നല്കി. കേഡറ്റുകളുടെ വീടുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവും തണ്ണീര്‍ത്തട നിര്‍മ്മാണവും നടത്തി. 

കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും രക്തദാന സമ്മതപത്രങ്ങള്‍ വാങ്ങി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. മുന്‍ എസ് പി സി കേഡറ്റുകളുടെ കൂട്ടായ്മ രൂപീകരിച്ച് അത്യാവശ്യ ഘട്ടത്തില്‍ ഇവരുടെ വോളന്റിയര്‍ സേവനം ഉറപ്പാക്കി. കായിക ക്ഷമത വളര്‍ത്തുന്നതിനും പ്രതിരോധശേഷിക്കുമായി കായികപരിശീലനവും ഓണ്‍ലൈന്‍ മുഖേന അധ്യാപകര്‍  കേഡറ്റുകള്‍ക്ക് നല്കി വരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ടിവി ചലഞ്ചിലൂടെ 218ടെലിവിഷനുകളും 24 സ്മാര്‍ട്ട് ഫോണുകളും അഞ്ച് ടാബുകളും 50 ഡി റ്റി എച്ച് കണക്ഷനുകളും നല്‍കി. മൂന്ന് കേഡറ്റുകളുടെ വീടുകളില്‍ വയറിംഗ് നടത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി. അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു വരുന്നു. അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനത്തില്‍ നവജീവന്‍ 2020 എന്ന പേരില്‍ കാര്‍ട്ടൂണ്‍ രചനാ മത്സരം, ഉപന്യാസ രചനാ മത്സരം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഷോട്ട് ഫിലിം മത്സരം എന്നിവയും സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി, എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍ കെ. എ. അബ്ദുള്‍ സലാം, അസി. ജില്ലാ നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് ജില്ലയില്‍ എസ് പി സി യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.