ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകരമായി ഇ @മാരാരി

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനില്‍ നടപ്പാക്കുന്ന ഇ @മാരാരി പതിനൊന്നാമത് പ്രാദേശിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ധനകാര്യ - കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകരമായി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി മാത്യുവിന്റെ നേതൃത്വത്തിലാണ് ഇ @ മാരാരി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
തുമ്പോളി കലാലയ വായനശാലയിലാണ് ആദ്യ പഠന കേന്ദ്രം ഈ മാസം ആദ്യം ആരംഭിച്ചത്. പൊക്ലാശേരി വായനശാല, മാരാരിക്കുളം കസ്തൂര്‍ബാ മെമ്മോറിയല്‍ ഗ്രന്ഥശാല, കണിച്ചുകുളങ്ങര പാപ്പാളി കമ്മ്യൂണിറ്റി ഹാള്‍, ട്വന്റി ബ്രദര്‍ വായനശാല, കലവൂര്‍ അഞ്ജലി വായനശാല, സാഗാ വായനശാല, ആര്യാട് ശാസ്ത്രീപുരം വായനശാല എന്നിവിടങ്ങളില്‍ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പത്ത് പ്രാദേശിക പഠന കേന്ദ്രങ്ങളിലായി 638 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടിട്ടുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് പോയിന്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
പ്രാദേശികമായി തിരഞ്ഞെടുത്തിട്ടുള്ള മെന്റര്‍മാര്‍, ചേര്‍ത്തല, ആലപ്പുഴ വിദ്യാഭാസ വകുപ്പിലെ ബി ആര്‍ സിയില്‍ നിന്നും ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിവരാണ് കുട്ടികളുടെ സംശയ നിവാരണത്തിനും അധിക പഠനത്തിനുമായി നേതൃത്വം കൊടുക്കുന്നത്. വിക്‌റ്റേഴ്‌സ് ചാനലിലെ ടൈം ടേബിളിനു പുറമെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയിട്ടുള്ള ഇന്ററാക്ടിവ് സ്റ്റുഡിയോ വഴി വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ ക്ലാസ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.