സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് കുടിവെള്ള കണക്ഷന്‍

post

നാല് വര്‍ഷം: 8.82 ലക്ഷം കണക്ഷനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ പുതിയ കുടിവെള്ള കണക്ഷനുകളൂടെ എണ്ണം സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ആറ് ലക്ഷമോ അതില്‍ കൂടുതലോ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന ആദ്യ സര്‍ക്കാരാണിത്. 2021 മാര്‍ച്ചോടെ 10 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇതിനായി ഈ വര്‍ഷം 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഗുണനിലവാരമുള്ള കുടിവെള്ളം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി 2024-ഓടെ എല്ലാ ഭവനങ്ങളിലും പൈപ് കണക്ഷനിലൂടെ കുടി വെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.