ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാം

വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ജലജന്യരോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാം. ജലദൗര്‍ലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളം മലിനമാകാനുള്ള സാധ്യതയേറെയാണ്. ചെമ്പുകളിലും വലിയ പാത്രങ്ങളിലും മൂടിവയ്ക്കാതെ വെള്ളം സംഭരിച്ചു വയ്ക്കുന്നത് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകും. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.
ജലജന്യ - ഭക്ഷ്യജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുമുണ്ട്.
നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം തന്നെ ഉപയോഗിക്കണം. യാത്രാവേളകളില്‍ തിളപ്പിച്ചാറിയ വെള്ളം കുപ്പികളില്‍ കരുതണം. കൃത്രിമ പാനീയങ്ങള്‍, കോളകള്‍, മധുരപാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ആരോഗ്യ കേന്ദ്രങ്ങളിലും സി.എച്ച്.സി, പി.എച്ച്.സി സബ് സെന്ററുളിലും ഒ. ആര്‍. എസ് - സിങ്ക് കോര്‍ണറുകള്‍ സജ്ജീകരിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് തലത്തില്‍ ആരംഭിക്കണം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.
വേനല്‍ക്കാല രോഗങ്ങളായ ചിക്കന്‍പോക്‌സ്, മുണ്ടിനീര്, ത്വക്ക് രോഗങ്ങള്‍, അലര്‍ജി, വൈറല്‍പ്പനി എന്നിവ ഉണ്ടാകാതിരിക്കാന്‍ ശുചിത്വം പാലിക്കുകയും ചെയ്യാം.