വ്യത്യസ്തത നിറഞ്ഞ ചുവടുകളുമായി കൊറഗ നൃത്തം

post

മാവേലിക്കര: തലയില്‍ പാളത്തൊപ്പിയണിഞ്ഞ സ്ത്രീകളുടെ സംഘം ഗദ്ദിക വേദിയില്‍ കൊറഗ നൃത്തത്തിന്റെ ചുവടുകള്‍ വെച്ചപ്പോള്‍ സദസ്സിന് വ്യത്യസ്തതയാര്‍ന്ന അനുഭവമാണ് പകര്‍ന്നത്. വട്ടം കൂടി നിന്ന സ്ത്രീകളുടെ സംഘത്തിന് നടുവിലായി പ്രായമായ സ്ത്രീ വ്യത്യസ്തതയാര്‍ന്ന    ചുവടുകള്‍ വെച്ചപ്പോള്‍ കാസര്‍ഗോഡിന്റെ തനത് നൃത്തത്തിന്റെ സൗന്ദര്യമാണ് കാണാനായത്. കൊറഗ ഭാഷയില്‍ പാട്ടിന്റെ ശീലുകള്‍ കൂടി ഒത്തുചേര്‍ന്നതോടെ കൊറഗ നൃത്തം കാണികളുടെ മനം കവര്‍ന്നു. കാസര്‍ഗോഡ് നിന്നുമുള്ള സജ്ജീവനും സംഘവുമാണ് കൊറഗ നൃത്തം ഗദ്ദിക വേദിയില്‍ അവതരിപ്പിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക ഗോത്രവര്‍ഗ്ഗമായ കൊറഗ സമുദായത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് കൊറഗ നൃത്തം. കാത് കുത്ത്, കല്ല്യാണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. വോട്ടെ, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഈ കലാരൂപത്തില്‍ ഉപയോഗിച്ചത്.