ജല്‍ ജീവന്‍ മിഷന്‍: ഈ വര്‍ഷം 880 കോടി ചെലവഴിക്കാന്‍ അനുമതി

post

തിരുവനന്തപുരം : അഞ്ച് വര്‍ഷം കൊണ്ട് 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഈ വര്‍ഷം 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതില്‍ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. 400 കോടി രൂപ കേന്ദ്ര സര്‍ക്കാരും 80 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും.

കേരളത്തെ സമ്പൂര്‍ണ പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിക്കൊപ്പം സംസ്ഥാന പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം  ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുക, ഗ്രാമപഞ്ചായത്ത് - ഗ്രാമീണ സാമൂഹിക കൂട്ടായ്മ എന്നിവ തനത് ഗ്രാമത്തിലെ കുടിവെള്ള പദ്ധതി പരിപാലിച്ച് നടപ്പിലാക്കുക, ഗ്രാമീണമേഖലയിലെ പദ്ധതികളില്‍ തദ്ദേശ വാസികള്‍ക്ക് അര്‍ഹമായ പ്രാധാന്യം പരിഗണനയും നല്‍കി അവരെ കൊണ്ട് തന്നെ പദ്ധതി സ്വന്തമായി നടത്തി സേവനം നല്‍കുക, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക, സാങ്കേതികേതര ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി പദ്ധതി നടത്തിപ്പിന് വിനിയോഗിക്കുക, ഇവയിലൂടെ ഉപഭോക്താക്കളുടെ കൂട്ടായ്മ കൊണ്ട് തന്നെ പദ്ധതിയുടെ ദീര്‍ഘകാല നിലനില്‍പ്പ് കൈവരിക്കുക എന്നതാണ് ലക്ഷ്യം.

ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് പ്രധാനമായും പദ്ധതി നടത്തിപ്പ് ചുമതല. ഗ്രാമ പഞ്ചായത്തിനും ബന്ധപ്പെട്ട സ്റ്റാന്റിംങ് കമ്മിറ്റിയുമായിരിക്കും ഗ്രാമ പഞ്ചായത്ത് തലത്തില്‍ പദ്ധതി നടത്തിപ്പിന് നേതൃത്യം നല്‍കുന്നത്. ഒന്നിലധികം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പദ്ധതി ആണെങ്കില്‍ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകള്‍/ബ്ലോക്ക് പഞ്ചായത്തുകള്‍/ജില്ലാ പഞ്ചായത്ത് എന്നിവയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് തല/ജില്ലാതല സംവിധാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്താവുന്നതാണ്.

  10 ശതമാനം ഉപഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും നല്‍കാന്‍ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തുന്നത്. പഞ്ചായത്ത് വിഹിതം, ഉപഭോക്തവിഹിതം എന്നീ കാര്യങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് (ബി.പി.ല്‍, എസ്.സി, എസ്.ടി, മത്സ്യതൊഴിലാളികള്‍) ആവശ്യത്തിനനുസരിച്ച് ഇളവുകള്‍ നല്‍കുന്നകാര്യം പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാം