കാട്ടുരുചിയുമായി അച്ചന്‍കോവില്‍ കാട്ടുതേന്‍

post

* വിപണനോദ്ഘാടനം മന്ത്രിമാരായ വി.എസ്.സുനില്‍കുമാറും കെ.രാജുവും ചേര്‍ന്ന് നിര്‍വഹിച്ചു

തിരുവനന്തപുരം:  അച്ചന്‍കോവില്‍ വനാന്തരങ്ങളില്‍ കാണപ്പെടുന്ന ഔഷധമൂല്യമുളളതുള്‍പ്പെടെയുള്ള കാട്ടുചെടികളുടെയും വന്‍വൃക്ഷങ്ങളുടെയും പുഷ്പങ്ങളില്‍ നിന്ന് കാട്ടുതേനീച്ചകള്‍ ശേഖരിച്ച തേനിന്റെ രുചി ഇനി നാട്ടിലുള്ളവര്‍ക്കുമറിയാം.

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമിതികള്‍ ശേഖരിച്ച തേന്‍ ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ച് 'അച്ചന്‍കോവില്‍ കാട്ടുതേന്‍' എന്ന ലേബലില്‍ വിപണിയിലെത്തിക്കുന്നു. അച്ചന്‍കോവില്‍ കാട്ടുതേനിന്റെ വിപണനോദ്ഘാടനം സെക്രട്ടേറിയറ്റ് ലയം ഹാളില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന് നല്‍കി നിര്‍വഹിച്ചു.  

സംസ്ഥാനത്ത്  ലഭ്യമായതില്‍ ഏറെ മേന്‍മയേറിയതും മായം ചേര്‍ക്കാത്തതുമായ തേനാണ് അച്ചന്‍കോവില്‍ തേനെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അച്ചന്‍കോവില്‍, നിലമ്പൂര്‍ വനമേഖലകളില്‍ ആദിവാസികളില്‍ നിന്ന് കൂടുതല്‍ തേന്‍ ഇത്തരത്തില്‍ സംഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടന്‍ പഴവര്‍ഗ്ഗങ്ങള്‍, മാങ്ങ, ചക്ക, കൈതച്ചക്ക, ഞാവല്‍ എന്നിവയും തേനും കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കും. തേന്‍ ശേഖരണവും വിപണനവും ശക്തിപ്പെടുത്തുന്നതിനായി 'ഹണിചലഞ്ച്' എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.

തേനീച്ച വളര്‍ത്തലും അനുബന്ധ വ്യവസായങ്ങളും ഏകീകരിക്കുന്നതിനായി സംസ്ഥാനത്തുടനീളം മില്‍മ മാതൃകയില്‍ തേനീച്ച വളര്‍ത്തല്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുമെന്നും മന്ത്രി  പറഞ്ഞു. 40 മുതല്‍ 50 പേരടങ്ങുന്ന തേനീച്ചകര്‍ഷകരേയും സംരംഭകരേയും ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തിലോ, ബ്ലോക്ക് തലത്തിലോ ആയിരിക്കും ക്ലസ്റ്ററുകള്‍ രൂപീകരിക്കുക. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍, തേന്‍മെഴുക് തുടങ്ങിയവ ശേഖരിക്കുകയും മൂല്യവര്‍ദ്ധിത ഉത്പന്നമാക്കി തേനിച്ചവളര്‍ത്തല്‍, 'ക്ലസ്റ്റര്‍ - വിപണന ശൃംഖലകള്‍' വഴി സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും വിപണനം നടത്തും.  കര്‍ഷകര്‍ക്ക് ആവശ്യമുളള തേനീച്ചകള്‍, തേനീച്ച കോളനി, അനുബന്ധ ഉപകരണങ്ങള്‍, സംസ്‌കരണ സാമഗ്രികള്‍, മൂല്യവര്‍ദ്ധിത ഉത്പങ്ങളുടെ നിര്‍മ്മാണ സാങ്കേതികവിദ്യ എന്നിവയും തേനീച്ച ക്ലസ്റ്ററുകള്‍ക്ക് ലഭ്യമാക്കും. വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ആദിവാസി വിഭാഗം ഗുണഭോക്താക്കള്‍ക്ക് പ്രത്യേക ക്ലസ്റ്ററും രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാ ആദിവാസി മേഖലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കുമെന്നും ന്യായമായ വിലയില്‍ ആദിവാസികളില്‍ തേന്‍ സംഭരിക്കുന്നതിലൂടെ  ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനാകുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന്റെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രത്തിലെ ആധുനിക തേന്‍ സംസ്‌കരണ യന്ത്രത്തില്‍ സംസ്‌കരിച്ചാണ് തേന്‍ വിപണനത്തിന് സജ്ജമാക്കിയത്. ഹോര്‍ട്ടികോര്‍പ്പിന്റെയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെയും  വില്‍പ്പന കേന്ദ്രങ്ങളില്‍ ലഭിക്കും. ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.രജത, റീജിയണല്‍ മാനേജര്‍ ബി. സുനില്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ്. ബി., ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.