ഖേലോ ഇന്ത്യ: രണ്ട് സിന്തറ്റിക് ട്രാക്കുകള്‍ക്ക് ഭരണാനുമതി

post

തിരുവനന്തപുരം: കേരളത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി രണ്ട് സിന്തറ്റിക് ട്രാക്കുകള്‍ കൂടി ഒരുങ്ങുന്നു. ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരും തൃശൂരും ഓരോ സിന്തറ്റിക് ട്രാക്കിന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഭരണാനുമതി നല്‍കി. ഏഴ് കോടി രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുക്കുന്നത്. അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകും.

കണ്ണൂരില്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കൊളേജിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് വരുന്നത്. കോളേജിന് സ്വന്തമായുള്ള 10 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിങ്ങ് പിറ്റ്, ഡ്രയിനേജ് സൗകര്യത്തോടെയുള്ള ഫുട്‌ബോള്‍ മൈതാനം എന്നിവയും നിര്‍മ്മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിന്‍, ഡ്രസ്സിങ്ങ് റൂമുകള്‍, ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. ഒരു സിന്തറ്റിക് ട്രാക്ക് പോലും ഇല്ലാതിരുന്ന കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വരുന്ന നാലാമത്തെ സിന്തറ്റിക് ട്രാക്കാണ് പരിയാരത്തേത്.

തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുക. സ്‌കൂളിന്റെ കളിസ്ഥലം  രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നടപടി ആരംഭിച്ചിരുന്നു. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാണ് സിന്തറ്റിക് ട്രാക്കിന് ലഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഭരണാനുമതി.