സാഹസികപ്രിയര്‍ക്ക് സ്വാഗതം; റോക്ക് അഡ്വഞ്ചര്‍ വിരുന്നൊരുക്കി ചീങ്ങേരി മല

post

വയനാട്: സാഹസിക സഞ്ചാരികള്‍ക്കായി വയനാട്ടില്‍ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം ഒരുങ്ങി. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2,600 മീറ്റര്‍ ഉയരത്തിലുള്ള ചിങ്ങേരി മലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ട്രക്കിംഗ് നടത്താം. സഞ്ചാരികളുടെ ശാരീരിക ക്ഷമത ആധാരമാക്കി വിവിധ തലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണ് ചീങ്ങേരിയിലെ പ്രധാന  ആകര്‍ഷണം. വര്‍ഷം മുഴുവനും തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു സാഹസിക ട്രക്കിംഗ് കേന്ദ്രമായിരിക്കും ഇത്.

അമ്പുകുത്തി മലയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ചീങ്ങേരി മല സുല്‍ത്താന്‍ബത്തേരി അമ്പലവയല്‍ പഞ്ചായത്തിലാണുള്ളത്. ചീങ്ങേരി മലയുടെ അടിവാരത്ത് 1.04 കോടി അടങ്കലില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് അഡ്വഞ്ചര്‍ കേന്ദ്രം സഞ്ചാരികള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം, ഓഫീസ് റൂം എന്നിവ ഉള്‍ക്കൊള്ളുന്ന എന്‍ട്രന്‍സ് പ്ലാസയും ഇതോടൊപ്പം പാര്‍ക്കിംഗ് ഏരിയ, പാന്‍ട്രി ബ്ലോക്ക്, പര്‍ഗോള, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക്, ശുചിമുറികള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ചീങ്ങേരിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ട്രക്കിംഗ് വേളയില്‍ കാരാപ്പുഴ ഡാം, അമ്പുകുത്തിമല, ചെമ്പ്രമല എന്നിവയുടെ വിദൂര ദൃശ്യങ്ങളും കണ്ടാസ്വദിക്കാം. ഇവിടേക്ക് അമ്പലവയലില്‍ നിന്നും ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.