സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2025ന് തിരിതെളിഞ്ഞു

200ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു
എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2025ന് തുടക്കമായി. അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കേണ്ട കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനായാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.
ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ കേരളത്തെ ചാമ്പ്യൻമാരാക്കുക എന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.
സ്‌കൂൾ തലവും ബ്ലോക്ക് തലവും കഴിഞ്ഞ് ജില്ലാതല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 200ലധികം വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
മേയ് 31 വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എ. എ റഹീം എം.പി ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്.പി മുഖ്യതിഥിയാകും.
ഉദ്ഘാദന സമ്മേളനത്തിൽ എസ്.സി.ഇ.ആർ.ടി കേരളം ഡയറക്ടർ ജയപ്രകാശ് ആർ.കെ, കായിക യുവജനകാര്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എസ് പ്രദീപ്, ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രിൻസിപ്പൽ എം.കെ സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ഒ.വി രാഹുലാദേവി തുടങ്ങിയവർ പങ്കെടുത്തു.