ആര്യാട് പഞ്ചായത്തില്‍ മാസ്‌ക് വിതരണം ആരംഭിച്ചു

post

രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത് 45000 മാസ്‌കുകള്‍

ആലപ്പുഴ : രണ്ടാം ഘട്ട കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ആര്യാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കുമുള്ള മാസ്‌ക് വിതരണം ആരംഭിച്ചു. മാസ്‌ക് വിതരണോദ്ഘടാനം കയര്‍ - ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിര്‍വഹിച്ചു. 45000 മാസ്‌കുകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിന് കീഴിലുള്ള 18 വാര്‍ഡുകളിലെയും മുഴുവന്‍ ആളുകള്‍ക്കും മാസ്‌ക് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ എല്ലാ വീടുകള്‍ക്കും മാസ്‌കും സാനിറ്റിസെറും നല്‍കിയിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ വാര്‍ഡ് തലത്തില്‍ ക്വാറന്റൈന്‍ സപ്പോര്‍ട്ടിങ് സെന്റര്‍ പ്രവര്‍ത്തിച്ചു വരികയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ ചുമതല ആശാ വര്‍ക്കര്‍ക്കാണ്. പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം, നിര്‍ദ്ദേശങ്ങള്‍, ആരോഗ്യപരമായ സഹായങ്ങള്‍ എന്നിവയാണ് സപ്പോര്‍ട്ടിങ് സെന്റര്‍ വഴി നല്‍കുന്നത്.വിദേശ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചായത്തില്‍ മടങ്ങി എത്താനുള്ളവരുടെ കണക്ക് എടുത്തിട്ടുണ്ട്. ഇവര്‍ മടങ്ങി എത്തിയാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖ അതാതു വീടുകളില്‍ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു.