ലോക്ക്ഡൗണ്‍ നീട്ടല്‍ : മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

post

തിരുവനന്തപുരം : കോവിഡ്-19 നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ നിലവിലുള്ള ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ (കണ്ടയിന്‍മെന്റ് സോണുകളില്‍) നിലവിലെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഹോട്ട്‌സ്‌പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളിലാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡുകളിലും കൂടിച്ചേര്‍ന്ന് കിടക്കുന്ന വാര്‍ഡുകളിലും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ അനുവദിക്കാത്ത കാര്യങ്ങള്‍

ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ടയിന്‍മെന്റ് സോണുകള്‍ കേസുകളുടെയും കോണ്ടാക്ടുകളുടെയും മാപ്പിംഗ്, കേസുകളുടെയും കോണ്ടാക്ടുകളുടെയും വ്യാപനം എന്നിവ പരിഗണിച്ച് ജില്ലാ ഭരണകൂടം നിശ്ചയിക്കണം. ഇത്തരം നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് സമര്‍പ്പിച്ചശേഷം സമിതിയുടെ നിര്‍ദേശപ്രകാരം വിജ്ഞാപനം ചെയ്യണം. കേന്ദ്ര സര്‍ക്കാര്‍ പൊതുവില്‍ അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്ത് പ്രത്യേകം എടുത്തു പറയാത്ത കാര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കും.

താഴെപ്പറയുന്ന കാര്യങ്ങള്‍ ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ അനുവദിക്കില്ല

പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ).ടു വീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സര്‍വീസിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കണം (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ).ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍, സിനിമാ ടാക്കീസ്, ആരാധനാലയങ്ങള്‍ തുടങ്ങിയവയില്‍ നിലവിലെ നിയന്ത്രണം തുടരും. പാര്‍ക്കുകള്‍, ജിംനേഷ്യം, മദ്യഷാപ്പുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കരുത്.വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം.

അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഏപ്രില്‍ 22 ലെ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്ക്  വിധേയമായി മെയ് 17 വരെ പ്രവര്‍ത്തിക്കും. (ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്  ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ അവധി ദിവസമായിരിക്കും). ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.

അനുവദിക്കുന്ന കാര്യങ്ങള്‍

ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറു ദിവസം അനുവദിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാ സോണുകളിലും പൂര്‍ണ ലോക്ക്ഡൗണായിരിക്കും. ഈ ദിവസം അനുവദനീയമായ കാര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്റ്റാറന്റുകള്‍ക്ക്  പാഴ്‌സലുകള്‍ നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. നിലവിലുള്ള സമയക്രമം പാലിക്കണം.ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്ക് മാത്രം ബാധകമാണ്.

ഗ്രീന്‍/ ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ അനുവദിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും  പ്രവര്‍ത്തിക്കാം.ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ മനസ്സിലാക്കി, പ്രാദേശിക ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം പരിഗണിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശിപാര്‍ശ സമര്‍പ്പിക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഈ ശിപാര്‍ശകള്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണം. ഇത്തരത്തില്‍ പൊതുവായ സമീപനത്തില്‍ നിന്നുകൊണ്ട് ആവശ്യമായ പ്രാദേശിക ഭേദഗതികള്‍ മാനുഷികപരിഗണന കൂടി കണക്കിലെടുത്ത് വേണം ജില്ലാ കളക്ടര്‍മാര്‍ തയാറാക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് രോഗബാധ ചില പ്രത്യേക വിഭാഗങ്ങളില്‍ സവിശേഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കണക്കിലെടുത്തുള്ള ഇടപെടലുകള്‍ ആവശ്യമാണ്. അതിനായി പ്രായമായവര്‍, കിഡ്‌നി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗബാധിതര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അതിനായി വീട്ടുകാരെ ബോധവത്ക്കരിക്കുന്നതിന് എല്ലാ വീട്ടിലും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സന്ദേശങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനവും ബോധവല്ക്കരണവും ഉറപ്പാക്കണം.

ഇതിനായി സര്‍ക്കാര്‍ പൊതുവില്‍ തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി പ്രാദേശിക മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ച് ചുമതലകള്‍ നിശ്ചയിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.സമിതിയില്‍ റസിഡന്‍സ്  അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രതിനിധി, അല്ലെങ്കില്‍ പ്രദേശത്തെ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍, പോലീസ് എസ്.ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അംഗന്‍വാടി ഉണ്ടെങ്കില്‍ അതിലെ ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവര്‍ അംഗങ്ങളാകും.ഈ മോണിറ്ററിംഗ് സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും മറ്റും കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ളവര്‍ ഉള്ള വീടുകള്‍ പ്രത്യേകം കണക്കാക്കി ഈ വീടുകളില്‍ മോണിറ്ററിംഗ് സമിതിയുടെ ഒരാള്‍ എല്ലാ ദിവസവും സന്ദര്‍ശിക്കണം.

ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡോക്ടര്‍മാരുടെ പ്രത്യേക ചുമതല ഉണ്ടാവണം. ഡി.എം.ഒ ഇതിന്റെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്യണം. ഇക്കാര്യങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം.ടെലിമെഡിസിന്‍ ഏര്‍പ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നേരത്തെ ആസൂത്രണം ചെയ്യണം. ടെലിമെഡിസിന്‍ സംവിധാനത്തില്‍ ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൂര്‍ണവിവരം ഇത്തരം വീടുകളിലും എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഡോക്ടര്‍മാരുമായുള്ള ആശയവിനിയമത്തില്‍ ഡോക്ടര്‍ക്ക് രോഗിയെ കാണണമെന്ന് തോന്നിയാല്‍ വീട്ടിലേക്ക് പോകാന്‍ പി.എച്ച്.സികള്‍ വാഹന സൗകര്യം ഒരുക്കണം. ഓരോ പഞ്ചായത്തിലും ഒരു മൊബൈല്‍ ക്ലിനിക്ക് സംവിധാനം ഒരുക്കണം. ഈ സംവിധാനത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഒന്നിച്ചുണ്ടാവുമെന്ന് ഉറപ്പാക്കണം.

മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച്

വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ മടങ്ങിവരുന്ന പ്രവാസികളുടെ കോവിഡ്-19 സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്‌ക്രീനിംഗ്. സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സര്‍ക്കാര്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുമ്പോള്‍ കോവിഡ്-19  പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ അവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റണം.

സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തില്‍ നിന്ന് അവരുടെ വീടുകളില്‍ പോകാന്‍ അനുവദിക്കും. ഇവര്‍ വീടുകളിലേക്ക് പോകുന്നവഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ല. അവര്‍ വീടുകളില്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണം.

വീടുകളിലേക്ക് പോകുന്ന പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

വീടുകളിലേക്ക് പോകുന്ന പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രവാസികളും വീട്ടുകാരും പാലിക്കേണ്ട അത്യാവശ്യ മുന്‍കരുതലുകളെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്തണം. മടങ്ങിവരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക്് വീട്ടില്‍ ക്വാറന്റയിന് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. പ്രത്യേക മുറിയും ബാത്ത് റൂമും ടോയ്‌ലറ്റും ക്വാറന്റയിനില്‍ കഴിയുന്ന ആള്‍ ഉപയോഗിക്കണം. ഈ സൗകര്യമില്ലാത്ത വീടാണെങ്കില്‍ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കുവേണ്ടി ഒരുക്കുന്ന ക്വാറന്റയിന്‍ കെട്ടിടത്തിലേക്ക് മാറ്റണം.

മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരുടെ വീട്ടില്‍ പെട്ടെന്ന് രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുണ്ടെങ്കില്‍ കരുതല്‍ എന്ന നിലയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ വേറെ താമസിക്കുന്നതിന് തയ്യാറാകണം. അത്തരക്കാരെ സര്‍ക്കാര്‍ ഒരുക്കുന്ന കെട്ടിടത്തിലേക്ക് മാറ്റണം. മേല്‍പ്പറഞ്ഞ വിഭാഗത്തിന് ഹോട്ടലില്‍ പ്രത്യേക മുറിയില്‍ താമസിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ചെലവില്‍ അതിനുള്ള സൗകര്യം ഒരുക്കണം.   ഇത്തരക്കാരെ താമസിപ്പിക്കാന്‍ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കുന്ന ക്വാറന്റയിന്‍ കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടം എല്ലാ ജില്ലകളിലും കണ്ടെത്തണം. ഇവരെ ബന്ധപ്പെടുന്നത് മേല്‍പ്പറഞ്ഞ മോണിറ്ററിംഗ് സംവിധാനം വഴിയായിരിക്കണം. ഇവരുടെ കാര്യത്തിലും ടെലിമെഡിസിന്‍, മൊബൈല്‍ ക്ലിനിക് എന്നിവ ബാധകമാക്കണം. ഇപ്രകാരമുള്ള ആളുകള്‍ ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന കേരളീയരെ സംബന്ധിച്ച്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന കേരളീയരില്‍ മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍ (പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍), കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ഉള്‍പ്പെടും. ഇവരുടെ യാത്രക്കായി സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണം. നിശ്ചിത സംസ്ഥാന അതിര്‍ത്തികളില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റയിനിലേക്ക് മാറ്റും.

ആരോഗ്യപ്രശ്‌നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്റയിനില്‍ കഴിയണം. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെക്കുറിച്ച് പറഞ്ഞ മാനദണ്ഡങ്ങളെല്ലാം ഇവര്‍ക്കും ബാധകമാണ്. ഇത്തരം ആളുകള്‍ ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.

സമിതി രൂപീകരണം

പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിക്കണം.തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, എം.എല്‍.എ/എം.എല്‍.എയുടെ പ്രതിനിധി, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതും അവലോകനം നടത്താനും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതും ജില്ലാ കളക്ടര്‍, എസ്.പി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും. ആരോഗ്യ സംബന്ധ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. ആവശ്യമായ സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പോലീസിന്റെ ചുമതലയായിരിക്കും. സംസ്ഥാനത്തിന്റെ  പൊതുവായ കാഴ്ചപ്പാട് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവിധത്തില്‍ വിവിധ കമ്മിറ്റികളെ സജ്ജരാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഓരോ കമ്മിറ്റിക്കും നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.