കരിമീന്‍, കക്ക സമൃദ്ധമാകാന്‍ വേമ്പനാട്ട് കായല്‍

post

പദ്ധതിക്ക് ഡിസംബറില്‍ തുടക്കം

കോട്ടയം: വേമ്പനാട്ട് കായലില്‍ കരിമീനും കക്കയും ചെമ്മീനും പൂമീനും സമൃദ്ധമാക്കുന്നതിന് തയ്യാറെടുത്ത് ഫിഷറീസ് വകുപ്പ്. കോട്ടയം ജില്ലയുടെ തീരപ്രദേശത്ത് നടപ്പാക്കുന്ന 88 ലക്ഷം രൂപയുടെ മത്സ്യ സംരക്ഷണ പരിപാലന പദ്ധതിക്ക് ഡിസംബര്‍ ആദ്യ വാരത്തില്‍ തുടക്കമാകും. 

വേമ്പനാട്ട് കായലില്‍ കുമരകം മുതല്‍ ചെമ്പ് വരെയുള്ള ഭാഗത്ത് അഞ്ച് ഹെക്ടര്‍ വീതം വരുന്ന ആറ് മത്സ്യ സങ്കേതങ്ങളാണ് കരിമീന്‍ കൃഷിക്കായി തയ്യാറാക്കിയിട്ടുളളത്. സങ്കേതത്തിന്റെ ഏറ്റവും ഉള്‍ഭാഗത്താണ് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. സ്വാഭാവിക പ്രജനനത്തിന് ഇവിടെ സൗകര്യമൊരുക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വൈക്കത്ത് പ്രവര്‍ത്തിക്കുന്ന വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിന്നാണ് കരിമീന്‍ കുഞ്ഞുങ്ങളെ  ലഭ്യമാക്കുക. സംരക്ഷിത മേഖലയായ സങ്കേതങ്ങളില്‍ മത്സ്യബന്ധനം അനുവദിക്കില്ല. 

കറുത്ത കക്ക സമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മല്ലികക്ക വിതറുന്നതിന് നടപടി സ്വീകരിക്കും. തണ്ണീര്‍മുക്കം ബണ്ടിന് വടക്കു ഭാഗത്ത് മല്ലികക്ക വന്‍തോതില്‍ കണ്ടുവരുന്നു. കുമിഞ്ഞുകൂടി കിടക്കുന്നതുമൂലം ഇവയില്‍ ഏറെയും നശിച്ചുപോവുകയാണ്. ഇവിടെ നിന്ന് വാരുന്ന മല്ലികക്കകള്‍ കുമരകം മേഖലയില്‍ നിക്ഷേപിക്കും. 

കായലില്‍ വിവിധ ഭാഗങ്ങളില്‍ ചെമ്മീന്‍, പൂമീന്‍ എന്നിവയുടെ വിത്ത് നിക്ഷേപിക്കുകയും കായല്‍ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുകയും ചെയ്യും. സി.എം.എഫ്.ആര്‍.ഐ., സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റല്‍ സെന്റര്‍, സന്നദ്ധ സംഘടനയായ ഏട്രി എന്നിവയുടെ സാങ്കേതിക സഹായത്തോടെ കായല്‍ തീരത്ത് ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കണ്ടല്‍ തൈകള്‍ നട്ടു പിടിപ്പിക്കും. മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും.