കാൻസർ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണിത്. സർക്കാർ, സ്വകാര്യ മേഖലകൾ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്ക് ടാഗോർ തീയറ്ററ്റിൽ മുഖ്യമന്ത്രി നിർവഹിക്കും.
ഫെബ്രുവരി 4 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വരെയാണ് ആദ്യഘട്ട ക്യാമ്പയിൻ. ആദ്യഘട്ടം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവിൽ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 9 ലക്ഷത്തോളം പേർക്ക് കാൻസർ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ 9 ലക്ഷം പേരിൽ 1.5 ലക്ഷം ആളുകൾ മാത്രമാണ് തുടർ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. അതായത് സ്‌ക്രീനിംഗിൽ പങ്കെടുത്ത 7.5 ലക്ഷം പേരും തുടർ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നിരവധി കാരണങ്ങളാൽ പല കാൻസർ രോഗികളും അവസാന സ്റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാൻസറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്തനാർബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല. അതിനാൽ എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളിലെത്തി കാൻസർ ഇല്ലെന്ന് ഉറപ്പാക്കണം. ചെറിയ മുഴയാണെങ്കിലും പരിശോധിച്ച് കാൻസർ അല്ലെന്ന് ഉറപ്പ് വരുത്തണം. രോഗം സംശയിക്കുന്നവർ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവണം. സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്‌ക്രീനിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാൻസർ സ്‌ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇതിന്റെ വിശദ വിവരങ്ങൾ ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും അറിയിക്കും.
ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടായിരിക്കും പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. സ്വകാര്യ ആശുപത്രികളും ലാബുകളും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരാൾ മറ്റൊരാളെ പരിശോധനയ്ക്കായി പ്രേരിപ്പിച്ച് എത്തിക്കണം. ക്യാമ്പയിനിൽ എല്ലാവരുടെയും പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു.
'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസർ ജനകീയ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ഇന്നലെ പത്തനംതിട്ടയിൽ കുടുംബശ്രീ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.