മന്ത്രിസഭായോഗ തീരുമാനങ്ങൾ (28/01/2025)

post

കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു

പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് അവസരങ്ങൾ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം.

നയത്തെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക്: https://keralanews.gov.in/26455/Kerala's-Export-Promotion-Policy-2025-Approved-by-the-Cabinet.html


ഹൈക്കോടതി പ്ലീഡർമാരുടെ വേതനം പരിഷ്‌ക്കരിച്ചു

ഹൈക്കോടതിയിലെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ, സീനിയർ ഗവൺമെൻറ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ എന്നിവരുടെ മാസവേതനം പരിഷ്‌ക്കരിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കിൽ വർദ്ധിപ്പിക്കും.

വർദ്ധനവിന് 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകി കുടിശ്ശിക അനുവദിക്കും.

അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവൻസ് എന്നിവയും അഡീഷണൽ അഡ്വക്കേറ്റ്സ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ ഫീസ്, അലവൻസ് എന്നിവയും പരിഷ്‌കരിക്കും.

റീട്ടെയ്നർ ഫീസ് - 2,50,000, അലവൻസ് - 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് - 60,000, ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് - 15,000, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് -7500 എന്നിങ്ങനെയാണിത്.


കായികതാരങ്ങൾക്ക് നിയമനം

കായികതാരങ്ങളായ ചിത്തരേഷ് നടേശനും, ഷിനു ചൊവ്വക്കും ആംഡ് പോലീസ് ബറ്റാലിയനിൽ ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകും. ബറ്റാലിയനിൽ അടുത്ത് ഉണ്ടാകുന്ന ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ അവരുടെ നിയമനം ക്രമീകരിക്കും.


തസ്തിക

കേരള സ്റ്റേറ്റ് ഓർഗൻ & ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ ഒരു കൺസൾട്ടന്റ് ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേർ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക ദിവസവേതനാടിസ്ഥാനത്തിൽ അനുവദിക്കും.


അകാലവിടുതൽ

ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിൻ ഗവർണർക്ക് ഉപദേശം നൽകും. കണ്ണൂർ വിമൺ പ്രിസൺ & കറക്ഷണൽ ഹോമിലെ 08.08.2024 ൽ കൂടിയ ഉപദേശക സമിതിയുടെ ശിപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണിത്.


മാറ്റം വരുത്തും

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകൾ, കമ്മീഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഐടി ഉൽപനങ്ങൾ വാങ്ങുമ്പോൾ ഒരേ സ്പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ജം പോർട്ടലിൽ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോർട്ടൽ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സെൻട്രലൈസ്ഡ് പ്രൊക്വയർമെൻറ് റെയ്റ്റ് കോൺട്രാക്ട് സിസ്റ്റം തുടരും.

കൂടുതൽ പൊതു ഐ.ടി ഉൽപ്പന്നങ്ങളുടെ സ്പെസിഫിക്കേഷനുകൾ നിശ്ചയിച്ച് അവയുടെ വില വിവരങ്ങൾ സഹിതം CPRCS പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഐ ടി മിഷൻ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.

മൂലഉപകരണം ഉൽപാദകർക്കുള്ള (OEM) പണം അടയ്ക്കാനുള്ള കാലതാമസം ഒഴിവാക്കുവാനും CPRCS വഴി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളുടെ ഡെലിവറി / സേവനം വേഗത്തിലാക്കുവാനും CPRCS ന്റെ നിലവിലെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കേരള സ്റ്റേറ്റ് ഐ ടി മിഷനും കെൽട്രോണും കൈക്കൊള്ളണം.

ജെം (GeM) പോർട്ടലിന്റെ ഉപയോഗം സംബന്ധിച്ച് വകുപ്പുകൾക്ക് ആവശ്യമായ പരിശീലനവും പ്രവർത്തന മാർഗനിർദ്ദേശങ്ങളും വെബ്സൈറ്റ് വഴി നൽകിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷൻ ഉറപ്പാക്കണം.


കരാർ അടിസ്ഥാനത്തിൽ നിയമിക്കും

മുൻ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി രണ്ടു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.