നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ഇനി ആറുനാൾ അനന്തപുരി പുസ്തകവസന്തത്തിന്റെ നിറവിൽ

post

കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം (KLIBF) ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ തുടക്കമായി. സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൂടിയാണ്. ഒന്നും രണ്ടും പതിപ്പുകളുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷമാണ് ഈ വർഷം മൂന്നാം പതിപ്പിലേക്ക് പുസ്തകോത്സവം കടക്കുന്നത്.


250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തർദേശീയ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, ഡയലോഗ്, ടോക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ എഴുപതിലധികം പരിപാടികൾ നടക്കുന്നു.


ചിന്തയെയും ധാരണകളെയും പരിഷ്‌കരിക്കാൻ സഹായിക്കുന്ന പ്രവൃത്തിയാണ് വായന. പുസ്തകോത്സവത്തിന്റെ ഭാഗമായി വായനയിലൂടെ ലഭിക്കുന്ന അറിവുകൾ പങ്കുവെയ്ക്കാൻ പുസ്തകാസ്വാദനം, പദ്യപാരായണം, സംവാദനങ്ങൾ, ക്വിസ് മത്സരങ്ങൾ, വനിതാ പാർലമെന്റ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് അനുബന്ധ പരിപാടികൾ അവസരമൊരുക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചർച്ചകളും ഈ വേദികളിൽ നടക്കും.


ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകളും പുസ്തകോത്സവത്തിന് മികവേറും. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാനായി കുട്ടികൾക്ക് സ്റ്റുഡന്റ്‌സ് കോർണർ ഒരുക്കിയിട്ടുണ്ട്. ഇവിടെ വിദ്യാർത്ഥികൾക്ക് തങ്ങൾ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യാം. മാജിക് ഷോ, പപ്പറ്റ് ഷോ പോലുള്ള ചെറിയ സ്റ്റേജ് പ്രോഗ്രാമുകളും വിദ്യാർത്ഥികൾക്ക് വേദിയിൽ അവതരിപ്പിക്കാം. ഇതിനുള്ള രജിസ്‌ട്രേഷൻ www.klibf.niyamasabha.org ൽ പൂർത്തിയാക്കാം. വിവരങ്ങൾക്ക് 9446094476, 9447657056, 9946724732, 8301867235.


ഇത്തവണ ഒരു ലക്ഷം വിദ്യാർത്ഥികളെയാണ് പുസ്തകോത്സവത്തിൽ പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ, മ്യൂസിയങ്ങൾ, മൃഗശാല എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി സന്ദർശിക്കാം. കെ. എസ്. ആർ. ടി. സിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്. പുസ്തകോത്സവ സ്റ്റാളുകളിൽ നിന്ന് വാങ്ങുന്ന 100 രൂപയിൽ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പൺ നൽകും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികൾക്ക് 500 രൂപയുടെ പുസ്തക കൂപ്പൺ നൽകും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഫുഡ്‌കോർട്ടും മാധ്യമങ്ങൾക്ക് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.


സ്ത്രീശാക്തീകരണത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്ക് പുസ്തക കലവറ പരിചയപ്പെടുന്നതിനും പുസ്തകങ്ങൾ വാങ്ങാനും നിയമസഭാ ഹാളും നൂറുവർഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദർശിക്കാനും അവസരമൊരുക്കുകയാണ് മൂന്നാം പതിപ്പ്. തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ പ്രവർത്തകരാണ് പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിക്കുന്നത്. അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ വിഭവമായ വനസുന്ദരി, പാലക്കാടുനിന്നുള്ള രാമശേരി ഇഡലി, മലബാർ രുചിക്കൂട്ടുകൾ, ട്രാൻസ്ജെൻഡേർസ് ജ്യൂസ് കൗണ്ടർ, കുട്ടനാടൻ വിഭവങ്ങൾ, ദോശമേള, പിടിയും കോഴിയുമടങ്ങുന്ന ഇടുക്കി ഭക്ഷണ വൈവിധ്യങ്ങൾ തുടങ്ങിയവയാണ് ഏഴ് സ്റ്റാളുകളിലായി കുടുംബശ്രീ ഒരുക്കുന്നത്. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ മന്ദിരം സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരമുണ്ട്.