സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്തമെന്നത് വിലമതിക്കാനാവാത്ത നേട്ടം: മുഖ്യമന്ത്രി വി.ഡി സതീശന്
വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി മുഖ്യമന്ത്രി വി.ഡി സതീശന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂട്ടായ്മയോടെയും അര്‍പ്പണബോധത്തോടെയും ജില്ല കൈവരിച്ച നേട്ടം വിലമതിക്കാനാവാത്തതാണെന്നും കേരളത്തിന് മാത്രമല്ല രാജ്യത്തിന് മാതൃകയായണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല ഇ-വേസ്റ്റ് മുക്തമായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ മറ്റ് ജില്ലകള്‍ക്കും ഇത് സാധ്യമാണെന്ന വലിയൊരു സന്ദേശമാണ് വയനാട് നല്‍കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടയുള്ളവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ചരിത്രനേട്ടം സാധ്യമായത്. സംസ്ഥാനത്തെ പൂര്‍ണ്ണമായും ഇ-വേസ്റ്റ് മുക്തമാക്കാന്‍ സാധിക്കുമെന്ന വലിയ ആത്മവിശ്വാസമാണ് ഈ ദൗത്യത്തിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-മാലിന്യങ്ങളില്‍ അടങ്ങിയിട്ടുള്ള മാരകമായ രാസവസ്തുക്കള്‍ മണ്ണില്‍ അലിഞ്ഞുചേരുന്നത് മണ്ണിന്റെ സ്വാഭാവികതയും ഉത്പാദനക്ഷമതയും പൂര്‍ണ്ണമായി നഷ്ടപ്പെടുത്തും. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഈ വിപത്തിനെയാണ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വയനാട് അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി ജനപ്രതിനിധികള്‍ ഐ.സി 100 ചലഞ്ച് പോര്‍ട്ടലിലെ ചലഞ്ച് ഏറ്റെടുക്കണം. ഓരോ ജനപ്രതിനിധിയും തങ്ങളുടെ വാര്‍ഡില്‍ കൂടുതല്‍ മാലിന്യമുള്ള സ്ഥലത്തിന്റെ ഫോട്ടോ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇതിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കുന്നത് പൊതുജനങ്ങള്‍ക്കും വലിയ ആവേശമാകും. റസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെയെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാക്കണം. ഇത്തരത്തില്‍ എല്ലാ വാര്‍ഡുകളും മാലിന്യമുക്തമാകുന്നതോടെ കേരളം സ്വാഭാവികമായും സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറും. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് വയനാട് ജില്ല നല്കിയ വലിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.









