അന്താരാഷ്ട്ര വ്യാപാരമേള കേരളത്തിന് വെള്ളിത്തിളക്കം

post

സ്വച്ഛ പവലിയൻ വിഭാഗത്തിലാണ് കേരളത്തിന് മെഡൽ*

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളി മെഡൽ.പ്രഗതി മൈതാനിലെ ഹാൾ നമ്പർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ഐ. ടി. പി ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രദീപ് സിംഗ് ഖറോള, എക്സിക്യൂട്ടിസ് ഡയറക്ടർ പ്രേം ജിത് ലാൽ എന്നിവർ ചേർന്ന് മെഡൽ സമ്മാനിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ് , ഡപ്യൂട്ടി ഡയറക്ടർ എസ് ആർ പ്രവീൺ , ജോയിൻ്റ് സെക്രട്ടറി വി. ശ്യം ഇൻഫർമേഷൻ ഓഫീസർമാരായ പി. സതികുമാർ, സി.ടി ജോൺ പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ ചേർന്ന് മെഡൽ സ്വീകരിച്ചു . സ്വച്ഛ പവലിയൻ വിഭാഗത്തിലാണ് കേരളത്തിന് മെഡൽ.'വികസിത് ഭാരത് @ 2047' എന്നതായിരുന്നു ഈ വർഷത്തെ തീം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയൻ്റെ ഡിസൈനിംഗും നിർമ്മാണവും നിർവഹിച്ചത്. തീം, കൊമേർഷ്യൽ ആശയത്തിൽ 24 സ്റ്റാളുകളാണ് കേരള പവിലിയനിൽ ഉണ്ടായിരുന്നത്.വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിൽ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനിൽ ചിത്രികരിച്ചത്.

സ്വയം പര്യാപ്തത, അഭിവൃദ്ധി, വികസനം അതുപോലെ നവീനവും, സുസ്ഥിരവും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടുള്ള ഭരണ സംവിധനത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും, സാമൂഹ്യ പുരോഗതിയുമാണ് മേളയിൽ   പ്രതിനിധാനം ചെയ്യുന്നത്. മേളയിൽ വിവിധ സംസ്ഥാനളുടെയും കേന്ദ്രസർക്കാർ വകുപ്പുകളുടെയും പവലിയനുകളും പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വികസനവും പ്രകൃതിഭംഗിയും പ്രദർശിപ്പിക്കുന്നതിനൊപ്പം കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവും ആസ്പദമാക്കി 250 ചതുരശ്ര മീറ്ററിൽ ക്രമീകരിച്ച സംസ്ഥാനത്തിന്റെ പവലിയൻ ജനശ്രദ്ധയാർജ്ജിക്കുകയും വ്യാപാരമേളയിലെ പ്രധാന ആകർഷകമായി മാറുകയും ചെയ്തു. വളർച്ചാ സൂചികയിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ച സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീൻ എനർജി, വ്യവസായ സൗഹൃദനയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവയെല്ലാം പവലിയൻ ഒരുക്കാനുള്ള ആശയത്തിൽ ഉൾപ്പെടുത്തിയിരുന്നു. 


കേരള പവലിയനിൽ അണിനിരന്ന 24 സ്റ്റാളുകളിൽ മികവു തെളിയിച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളിൽ ബെസ്റ്റ് എക്‌സിബിറ്റർ ശ്രേണിയിൽ ഒന്നാം സ്ഥാനം കേരള സ്റ്റേറ്റ് ബാംബു മിഷനും  കയർ വികസന വകുപ്പും രണ്ടാം സ്ഥാനം  വാണിജ്യ വ്യവസായ  വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും പങ്കിട്ടു. മികച്ച ഉപഭോക്തൃ സേവനത്തിനുള്ള ഒന്നാം സ്ഥാനം അതിരപ്പിള്ളി ട്രൈബൽ വാലി അഗ്രികൾച്ചറൽ  പ്രൊജകറ്റും  രണ്ടാം സ്ഥാനം ഔഷധിയും കരസ്ഥമാക്കി. ഓവറോൾ പെർഫോമൻസിനുള്ള ഒന്നാം സ്ഥാനം കേരള സ്റ്റേറ്റ് മാർക്കറ്റ് ഫെഡും രണ്ടാം സ്ഥാനം സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ ( സാഫ്) നേടി. ഏറ്റവും നല്ല ഫുഡ് കോർട്ടിനുള്ള ഒന്നാം സ്ഥാനം കുടുംബശ്രീയും  കരസ്ഥമാക്കി.