കാമ്പസ് ടു ബൂത്ത്' പ്രചാരണ പരിപാടിക്ക് തുടക്കമായി

post

യുവ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടവകാശത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിക്കുന്ന 'കാമ്പസ് ടു ബൂത്ത്' പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് നിര്‍വഹിച്ചു. 'സ്റ്റെപ്പ് ഫോര്‍വേഡ് ഗെറ്റ് കൗണ്ടഡ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കോളേജ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് പരിപാടി സംഘടിപ്പിക്കുന്നത്. കാമ്പയിന്‍ നവംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും.


കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മനോഹര്‍ ഡി മുല്ലശ്ശേരി അധ്യക്ഷനായി. ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. ഷെല്ലി എം ആര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് സനോബ് കെ എ എസ്, അനില്‍ ഫിലിപ്പ്, എം ഉഷാകുമാരി, എസ് സുനിത, ഫാത്തിമത്ത് സുമയ്യ, പുനലൂര്‍ ആര്‍ ഡി ഒ ബിനോയ് ബേബി, കൊല്ലം തഹസില്‍ദാര്‍ എ എസ് അജിലാല്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ-ഓഡിനേറ്റര്‍ ഡോ.ശാലിനി മാത്യുസ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനികളും അധ്യാപകരും പങ്കെടുത്ത മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും അരങ്ങേറി.