2024ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ് മാധവന്
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ 2024ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും, പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങിയതാണ് പുരസ്‌കാരം. മലയാള ചെറുകഥാസാഹിത്യലോകത്തിൽ പ്രഗത്ഭനായ എഴുത്തുകാരനാണ് എൻ.എസ് മാധവൻ. എസ്.കെ വസന്തൻ ചെയർമാനായും ഡോ.ടി.കെ നാരായണൻ, ഡോ.മ്യൂസ് മേരി ജോർജ്ജ് എന്നിവർ അംഗങ്ങളായും സി.പി അബൂബക്കർ മെംബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
വൈവിധ്യ പൂർണമായ പ്രമേയങ്ങൾ ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അസാധ്യ വൈവിധ്യമുള്ള എൻ.എസ് മാധവൻ എറണാകുളം സ്വദേശിയാണ്. 1975ൽ ഐഎഎസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യ വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, പത്മപ്രഭാപുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടി.