രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതി
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ (ELDER FRIENDLY OFFICE CERTIFICATION) പദ്ധതിക്ക് തുടക്കമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ എന്നിവിടങ്ങളിൽ സർട്ടിഫിക്കേഷൻ നടപ്പാക്കും. പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി ഗോൾഡ്, സിൽവർ, ബ്രോൺസ് സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്. നിശ്ചിത കാലയളവിനുശേഷം സർട്ടിഫിക്കറ്റുകൾ പുതുക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നത് പരിശോധിച്ചതിന് ശേഷമാകും സർട്ടിഫിക്കറ്റുകൾ പുതുക്കി നൽകുന്നത്.
ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനാൽ വയോജന സൗഹൃദ സേവന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട ക്യൂ, കൈവരികളില്ലാത്ത പടികൾ, ചെറിയ അക്ഷരങ്ങളിലുള്ള അപേക്ഷാ ഫോമുകൾ, ഗോവണി കയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് സർട്ടിഫിക്കേഷൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് മേഖലകളെ അടിസ്ഥാനമാക്കിയാണ് സർക്കാർ ഓഫീസുകളെ വയോജന സൗഹൃദ ഓഫീസുകളായി വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്‌കോർ നിശ്ചയിച്ചിരിക്കുന്നത്.
ഇതിൽ പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്കുള്ള മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവ നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളാണ്. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ ആകെ സ്‌കോർ എത്രയായാലും സർട്ടിഫിക്കേഷന് പരിഗണിക്കില്ല. ആകെ സ്‌കോർ 85 ശതമാനത്തിന് മുകളിലും ഏതെങ്കിലുമൊരു മേഖലയിൽ 60 ശതമാനത്തിൽ കുറയാതെയും നേടിയാൽ അഞ്ചു വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും. 70 മുതൽ 84 വരെ സ്‌കോറുള്ളവയ്ക്ക് അഞ്ചു വർഷത്തേക്ക് സിൽവർ സർട്ടിഫിക്കറ്റും 60 മുതൽ 69 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് താൽക്കാലിക ബ്രോൺസ് സർട്ടിഫിക്കറ്റും നൽകും. ബ്രോൺസ് സർട്ടിഫിക്കറ്റിന് രണ്ടു വർഷമാണ് കാലാവധി. തുടർന്ന് പുനഃപരിശോധന നടത്തിയ ശേഷമേ ഇത് സ്ഥിരപ്പെടുത്തൂ. സർട്ടിഫിക്കറ്റുള്ള ഓഫീസുകളിൽ പത്തു ശതമാനത്തിലും ഓരോ വർഷവും അപ്രതീക്ഷിത പരിശോധന നടത്തും.
എംപാനൽ ചെയ്ത സ്വതന്ത്ര ഏജൻസികളാണ് ഓഫീസ് സന്ദർശിച്ച് സ്‌കോർ നിശ്ചയിക്കുന്നത്. വയോജന വകുപ്പിനു കീഴിലെ നോഡൽ സെല്ലാണ് രജിസ്ട്രി കൈകാര്യം ചെയ്യുന്നത്. സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ് മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകുന്നതും ഗോൾഡ് പുരസ്‌കാരങ്ങൾ തീരുമാനിക്കുന്നതും. യു.എ.ഇയിലെ ഷാർജ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സർട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോയർ പദ്ധതി എന്നിവയാണ് വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷന് മാതൃകയാക്കുന്നത്. 2021-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാർഗരേഖ അനുസരിച്ചാണ് റാംപ്, സൈൻ ബോർഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ മാനദണ്ഡങ്ങൾ അന്തിമമാക്കി സർക്കാർ ഉത്തരവിറക്കുകയും ഏജൻസികളെ എംപാനൽ ചെയ്യുകയും ചെയ്യും. തുടർന്നുള്ള ആറു മാസത്തിനുള്ളിൽ ഓരോ ജില്ലയിലും ഒരു ഓഫീസ് വീതം ആകെ 14 എണ്ണം പൈലറ്റായി തിരഞ്ഞെടുക്കും. രണ്ടാം വർഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകൾ, ട്രഷറികൾ, ആർ.ടി.ഒകൾ, സർക്കാർ ആശുപത്രികൾ എന്നിവയിലൂടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മൂന്നാം വർഷം മുതൽ മറ്റ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പണമടച്ച് സ്വമേധയാ പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള സ്വകാര്യ ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, ഫാർമസികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള അവസരമുണ്ടാകും. സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഓഫീസുകൾക്ക് ഫലകവും ക്യുആർ കോഡുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും. ഇവയുടെ പേര് പൊതു രജിസ്ട്രിയിൽ ഉൾപ്പെടുത്തും. ഗോൾഡ് നേടുന്ന ഓഫീസുകൾക്ക് സിൽവർ ഇക്കോണമി പദ്ധതി പ്രകാരമുള്ള പദ്ധതികളിൽ മുൻഗണനയും ലഭിക്കും. ഏജൻസികളുടെ എംപാനൽമെന്റും പൂർത്തിയാകുന്ന മുറയ്ക്ക് ഈ സാമ്പത്തിക വർഷം തന്നെ പൈലറ്റ് ഘട്ടം തുടങ്ങും.
മുതിർന്ന പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുന്നതിനൊപ്പം ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്താൻ പദ്ധതിയിലൂടെ സാധിക്കും. വയോജന സൗഹൃദ സേവന സംവിധാനത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാകും പദ്ധതി.











