ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

post

നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലോകോത്തര കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അധ്യാപകന്റെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ജീവിതകാലം മുഴുവൻ സമൂഹത്തിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങുന്നവരാണ് അവരെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. നവനിയുക്ത അധ്യാപകർ ഈ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിച്ച് വിദ്യാർഥികൾക്കും സമൂഹത്തിനും മാതൃകയാകണം.


ഉന്നതവിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിച്ച് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാക്കി കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. തൊഴിൽ മേഖലയിലെ മാറുന്ന ആവശ്യങ്ങൾ മുൻനിർത്തി പുതിയ കോഴ്‌സുകൾ ആരംഭിക്കും. വിദ്യാർഥികൾക്ക് മികച്ച തൊഴിൽസാധ്യത ഉറപ്പാക്കുന്ന പഠനശാഖകൾക്ക് മുൻഗണന നൽകുന്നതോടൊപ്പം, വ്യവസായ മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


തുറമുഖ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ വളരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ മാരിടൈം ലോ പോലുള്ള പുതിയ വിഷയങ്ങൾ നിയമവിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തും. കാലഹരണപ്പെട്ട പഠനരീതികൾ പരിഷ്‌കരിച്ച് സമകാലിക ആവശ്യങ്ങൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തും. സംസ്ഥാനത്ത് ഒരു നിയമ സർവകലാശാലയും നിയമ വിദ്യാഭ്യാസ ഡയറക്ടറേറ്റും രൂപീകരിക്കുന്നത് സർക്കാർ ഗൗരവമായി പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും, ജോയിന്റ് സെക്രട്ടറി നിത എം. നന്ദിയും രേഖപ്പെടുത്തി.

CM