ജനങ്ങൾക്ക് സമയബന്ധിത സേവനം ഉറപ്പാക്കണം: വകുപ്പുതല റിവ്യൂ യോഗത്തിൽ മന്ത്രി കെ. എം. ഷാജി

post

ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അവരോട് ചേർന്ന് നിന്ന് പരിഹാരം കണ്ടെത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജൻസികളുടെയും പ്രവർത്തന പുരോഗതി, 2026-27 വാർഷിക പദ്ധതികളുടെ നിർവഹണം, ധനവിനിയോഗം, സേവന വിതരണ കാര്യക്ഷമത, മാലിന്യ സംസ്‌കരണം, നഗരാസൂത്രണം, സ്ഥിതിവിവരാധിഷ്ഠിത ആസൂത്രണം, സിവിൽ രജിസ്‌ട്രേഷൻ, വിജിലൻസ് സംവിധാനങ്ങൾ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഘടനയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും യോഗം വിലയിരുത്തി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വർധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. മാലിന്യ സംസ്‌കരണ പദ്ധതികളുടെ വിജയത്തിന് സാങ്കേതിക മികവ് നിർണായകമാണെന്നും അതിനാൽ പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും ഗുണനിലവാരത്തിനും സാങ്കേതിക മികവിനും പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദേശിച്ചു.


മാറിവരുന്ന ഭരണരീതികൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് തുടർച്ചയായ അവബോധവും ശേഷി വികസനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ സ്വാഗതം ആശംസിച്ചു. സ്‌പെഷ്യൽ സെക്രട്ടറി ഷാനവാസ്, ഡയറക്ടർ (റൂറൽ) അപൂർവ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ, ചീഫ് ഓഫീസർ (പി. ആർ.) വിവിധ മിഷനുകളുടെയും ഏജൻസികളുടെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.