ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീസൗഹൃദ ടൂറിസത്തിനായി 'ഗ്രീൻ മാർഷൽസ്' പദ്ധതി

post

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ സ്ത്രീസൗഹൃദവും സുരക്ഷിതവുമാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് 'ഗ്രീൻ മാർഷൽസ്' പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.


കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും ശുചിത്വത്തിനും വേണ്ടി സ്ത്രീകളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഒരു ആശയമാണ് 'ഗ്രീൻ മാർഷൽ' പദ്ധതി. അന്താരാഷ്ട്ര പൈതൃക വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും പൊതുസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പ്രധാനമായും ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.


ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക,സന്ദർശകർക്ക് ആവശ്യമായ മാർഗനിർദേശവും സഹായവും നൽകുക,സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പിന്തുണ നൽകുക,മാലിന്യ നിർമാർജനവും പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണവും നിരീക്ഷിക്കുക,ടൂറിസം കേന്ദ്രങ്ങളിലെ പൊതുസൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് ഗ്രീൻ മാർഷൽസിന്റെ പ്രധാന ചുമതലകൾ.


പദ്ധതിയുടെ ഭാഗമായി വനിതാ ഗൈഡുകളെയും വനിതാ ഡ്രൈവർമാരെയും നിയമിക്കും. ഗ്രീൻ മാർഷൽസായി തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് വിനോദസഞ്ചാര വകുപ്പ് പ്രത്യേക പരിശീലനം നൽകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരംഭങ്ങൾ, വനിതാ ഹോംസ്റ്റേകൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവയും ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തിപ്പെടുത്തും.


സ്ത്രീസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 20 ടൂറിസം കേന്ദ്രങ്ങളിൽ ജെൻഡർ ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനവും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തും.

ഈ പദ്ധതിയിലൂടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതും സ്ത്രീസൗഹൃദവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.