പര്യത്തുക്കാവ് നിവാസികളുടെ കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ശാശ്വത പരിഹാരം

post

അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് ഒടുവിൽ ശാശ്വത പരിഹാരമായി. പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന പുതിയ വീടുകളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.


പര്യത്തുക്കാവ് നിവാസികൾക്ക് അവർ നിലവിൽ താമസിക്കുന്ന അതേ വസ്തുവിൽ തന്നെയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ വീടുകൾ നിർമ്മിച്ചു നൽകുന്നത്. സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് അടിസ്ഥാനത്തിലാണ് ഈ ഭവനനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത്. പരമാവധി ഒരു വർഷത്തിനകം തന്നെ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറും.


1000 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ നിർമ്മിക്കുന്ന ഓരോ വീടുകളിലും താഴെ പറയുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടു കൂടിയ മൂന്ന് കിടപ്പുമുറികൾ, വിശാലമായ ഡൈനിങ് ഹാൾ, ലിവിങ് റൂം,സിറ്റൗട്ട്, അടുക്കള തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട് പൂർത്തിയാക്കുന്നത്.


പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഏഴ് കുടുംബങ്ങൾക്കുമായി 5 സെന്റ് വീതമുള്ള ഭൂമിയും അതിലേക്കുള്ള വഴി സൗകര്യവും ഇതിനോടകം തന്നെ അളന്നു തിരിച്ചു നൽകിക്കഴിഞ്ഞു. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ ആശങ്കകൾക്ക് അറുതി വരുത്തിക്കൊണ്ട്, സ്വന്തം മണ്ണിൽ സുരക്ഷിതമായ മേൽക്കൂര ഉറപ്പാക്കുന്ന സർക്കാരിന്റെ വലിയൊരു ചുവടുവെപ്പാണിത്.