സർക്കാരിൻറെ സ്ഥിരം സഹായം രണ്ടുകോടിയാക്കി വർദ്ധിപ്പിക്കും-മന്ത്രി പി.സി.വിഷ്ണുനാഥ്

post

ആലപ്പുഴയുടെ അഭിമാനമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം സഹായം കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടത് പ്രകാരം രണ്ടു കോടി രൂപയായി വർദ്ധിപ്പിക്കുന്നതിന് ധനവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ടൂറിസം സിനിമ വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന എൻ.ടി.ബി.ആർ. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. വള്ളങ്ങളുടെ മെയിൻറനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദ്ദേശം ഉൾപ്പെടെ പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വിഷ്ണുനാഥ് യോഗത്തിൽ പറഞ്ഞു. സിബിഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഇത്തവണയും 11 കോടി രൂപ സിബിഎല്ലിനായി നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐപിഎൽ മാതൃകയിലാണ് സിബിഎൽ വിഭാവനം ചെയ്തിട്ടുള്ളത്. വിഭാവനം ചെയ്ത രീതിയിൽ സിബിഎൽ നടത്തിയാൽ സാമ്പത്തിക സഹായം ആവശ്യമായി വരില്ല. എന്നാൽ ഇത്തവണ അത് സാധ്യമാകില്ല. സിബിഎൽ ഇത്തവണയും നിലവിലുള്ള രീതിയിൽ തുടരുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.


സമ്മാനത്തുകയും ബോണസും വർദ്ധിപ്പിക്കും - കെ.സി.വേണുഗോപാൽ എംപി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയും ബോണസും കാലോചിതമായി ഉയർത്തി പരിഷ്‌കരിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തുന്ന ചുണ്ടന് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപ,മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപ,നാലാം സ്ഥാനത്തിന് 10 ലക്ഷം രൂപ എന്ന രീതിയിൽ വർദ്ധിപ്പിക്കുന്നതിന് എംപി കമ്മറ്റിയോട് നിർദ്ദേശിക്കുകയായിരുന്നു. വള്ളങ്ങളുടെ മെയിൻറനൻസ് ഗ്രാൻഡ് വർദ്ധിപ്പിക്കുന്നതിനുള്ള ഭരണപരമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി. നെഹ്‌റു ട്രോഫി നടക്കുന്നത് ഓണത്തിന്റെ അടുത്ത ദിവസങ്ങളിൽ ആണെന്നും ഡിറ്റിപിസിയുടെ ഭാഗത്തുനിന്ന് ഗുണപരമായ സഹായങ്ങൾ ലഭ്യമാകണമെന്നും എംപി പറഞ്ഞു. ആലപ്പുഴ ഡിറ്റിപിസിക്ക് നൽകുന്ന സഹായം കുറയില്ലെന്നും ജില്ലകൾക്കുള്ള വിഹിതം ഏകീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംപിക്ക് ഉറപ്പു നൽകി. ബോണസ് തുക 25% ആയി വർദ്ധിപ്പിക്കും.


ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി,എ ഡി തോമസ് എംഎൽഎ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ,നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ് , മുൻ എം എൽ എമാരായ അഡ്വ. എ എ ഷുക്കൂർ, സി കെ സദാശിവൻ, കെ കെ ഷാജു , ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ് എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ് എന്നിവരും യോഗത്തിൽ സന്നിഹിതരായി. വിവിധ സബ് കമ്മറ്റി കൺവീനർമാരായ എഡിഎം സി പ്രേംജി, എൻ.ടി.ബി.ആർ.സെക്രട്ടറിയും ആർ.ഡി.ഓയുമായ ജെ.മോബി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി എസ്. വിനോദ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ് എന്നിവർ യോഗത്തിൽ പ്രവർത്തന പുരോഗതി അവതരിപ്പിച്ചു. See less