ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണം: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
നക്ഷത്ര തിളക്കം 2026': വിദ്യാഭ്യാസ-കായിക അവാർഡുകൾ വിതരണം ചെയ്തു
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനും നിരവധി തൊഴിൽ അവസരങ്ങൾക്കുമുള്ള സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണോദ്ഘാടനം (നക്ഷത്ര തിളക്കം 2026) ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
മയക്കുമരുന്ന് വിപത്തിൻ്റെ വേരറുക്കുന്നതിനായി വിദ്യാർഥികളും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾ ജില്ലയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിദ്യാർഥികൾ നാട്ടിലെ മികച്ച പൗരന്മാരായി മാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ജി. സുധാകരൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. കേരളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമാണെന്നും ഇത് ഫലപ്രദമായ രീതിയിൽ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്കും സാമൂഹ്യനീതിക്ക് വേണ്ടിയും വിദ്യാർഥികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും കഠിനാധ്വാനത്തിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും എ.ഡി. തോമസ് എം.എൽ.എ പറഞ്ഞു. കായിക അവാർഡ് വിതരണം ചടങ്ങിൽ എംഎൽഎ നിർവഹിച്ചു.
നഗരസഭ അധ്യക്ഷ മോളി ജേക്കബ്, മത്സ്യബോർഡ് കമ്മീഷണർ ഡോ. ആശ അഗസ്റ്റിൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. പ്രസാദ്, നഗരസഭ സ്ഥിരം സമിതി അംഗം എ.എം. നൗഫൽ, ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ, നഗരസഭാംഗം എ.എസ്. കവിത ,
ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ, മത്സ്യബോർഡ് ജില്ലാ മാനേജർ അനിത ഫിഷറീസ് ഓഫീസർ വിനീത് വിജയ്,
ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ മത്സ്യത്തൊഴിലാളി-അനുബന്ധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, യൂണിവേഴ്സിറ്റി തലം, കായിക മത്സരങ്ങൾ എന്നിവയിൽ ഉന്നത വിജയം നേടിയ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാർഥികൾക്കാണ് മൊമെന്റോയും ക്യാഷ് അവാർഡും നൽകി ചടങ്ങിൽ ആദരിച്ചത്.











