മന്നൂർക്കോണം, ചിറ്റീപ്പാറ ഉന്നതികളിൽ നേരിട്ടെത്തി മന്ത്രി കെ.എ. തുളസി
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി നേരിട്ടെത്തി സന്ദർശിച്ചു. ഈ മേഖലകളിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ സന്ദർശനം.
ഉന്നതികളിലെ വീടുകൾ നേരിട്ട് സന്ദർശിച്ച മന്ത്രിയോട് കാണിമൂപ്പന്മാരും പ്രൊമോട്ടർമാരും പ്രദേശവാസികളും തങ്ങളുടെ ആവശ്യങ്ങൾ പങ്കുവെച്ചു. കുടിവെള്ള ലഭ്യത, റോഡ് വികസനം ഉൾപ്പെടെ പ്രദേശത്തെ പ്രധാന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ജനങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങളിൽ വിവിധ വകുപ്പുകളുമായി സമയബന്ധിതമായ ചർച്ചകൾ നടത്തി, അടിയന്തര ഇടപെടലുകളിലൂടെ കൃത്യമായ പരിഹാരം കാണുമെന്ന് മന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി.
മന്നൂർക്കോണം എ.കെ.ജി നഗറിലെ അങ്കണവാടിയും മന്ത്രി സന്ദർശിച്ചു. അവിടെയുള്ള കുട്ടികളോടും ജീവനക്കാരോടും നേരിട്ട് ആശയവിനിമയം നടത്തിയ മന്ത്രി, അങ്കണവാടിയുടെ ഭൗതിക സാഹചര്യങ്ങളും കുട്ടികൾക്കായി നൽകിവരുന്ന പോഷകാഹാര വിതരണ രീതികളും വിലയിരുത്തി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഉന്നതികളുടെ മുഖച്ഛായ മാറ്റുമെന്നും സന്ദർശനത്തിനൊടുവിൽ മന്ത്രി വ്യക്തമാക്കി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, വൈസ് പ്രസിഡന്റ് വി.സി. അഭിലാഷ് എന്നിവർക്ക് പുറമെ മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.











