നഗരത്തിലെ പൊതുസ്ഥലങ്ങൾ വികസിപ്പിച്ച് ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പാക്കും: മുഖ്യമന്ത്രി
* പറവൂർ അംബേദ്കർ പാർക്കിൽ അത്യാധുനിക ഓഡിറ്റോറിയം ശിലാസ്ഥാപനം നിർവഹിച്ചു
എറണാകുളം: നഗരത്തിലെ പൊതുസ്ഥലങ്ങൾ വികസിപ്പിക്കുക വഴി ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
പറവൂർ അംബേദ്കർ പാർക്കിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജില്ലയിൽ തന്നെയുള്ള ജില്ലാ ആശാഭവൻ പാർക്ക് കഴിഞ്ഞാൽ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പാർക്കുകളിലൊന്നാണ് പറവൂരിലേത്. ഓരോ കാലഘട്ടത്തിലും ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, കൃത്യമായ ശ്രദ്ധയോടെ മുൻസിപ്പൽ ഭരണസമിതി ഈ പാർക്കിനെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇതിന്റെ ഭംഗി നിലനിൽക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇത്തരം പൊതുഇടങ്ങളിൽ അനിവാര്യമാണെന്നും അതിന്റെ ഭാഗമായാണ് ഈ പുതിയ ഓഡിറ്റോറിയം യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർക്കിന്റെ തനതായ സൗന്ദര്യവും പച്ചപ്പും ഒട്ടും ചോർന്നുപോകാത്ത രീതിയിലാണ് പുതിയ ഓഡിറ്റോറിയം വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം പത്തോ പന്ത്രണ്ടോ വർഷങ്ങൾക്ക് മുൻപ് മികച്ച രീതിയിൽ നവീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തതാണ് പറവൂരിലെ ഈ പാർക്ക്. പാർക്കിൽ വിവിധ പരിപാടികൾ നടത്തുമ്പോൾ അനുയോജ്യമായ ഒരു ഓഡിറ്റോറിയം വേണമെന്നത് പ്രദേശവാസികളുടെയും നഗര സഭയുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു.
ജനകീയ ആവശ്യം പരിഗണിച്ചാണ് നഗരസഭ ഇപ്പോൾ മികച്ചൊരു പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളും മികച്ച സൗണ്ട് സിസ്റ്റവും ഉൾപ്പെടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഇതിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരങ്ങളിൽ പൊതുസ്ഥലങ്ങളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. പറവൂരിൽ ഇനിയും കൂടുതൽ പൊതുസ്ഥലങ്ങൾ വികസിപ്പിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. നിത്യജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ജനങ്ങൾക്ക് താല്ക്കാലിക ആശ്വാസം നൽകാൻ ഇത്തരം ഇടങ്ങൾക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നഗരസഭാ ചെയർമാൻ രമേഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.










