ലഹരിക്കെതിരെ ‘തൂഫാൻ’: സ്‌കൂളുകളിൽ നിന്ന് വൺ മില്യൺ ഗോളുകളുമായി കേരളം

post

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ @ ലോകകപ്പ് 2026’ പദ്ധതിക്ക് സംസ്ഥാനത്ത് ഉജ്ജ്വല തുടക്കം. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്‌കൂളുകൾ പങ്കാളികളാകുന്ന ഈ ബൃഹദ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ഗ്ലോബൽ സ്പോർട്സ് സിറ്റിയിൽ ഫുട്ബോൾ ഗോളടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.


ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ 'ജീവിതമാണ് യഥാർത്ഥ ലഹരി' എന്ന ബോധ്യം വരുംതലമുറയിൽ വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നോ പുകയില ഉൽപ്പന്നങ്ങളോ വിതരണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി സ്വീകരിക്കും. നിയമലംഘകർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.


ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് 'തൂഫാൻ' പദ്ധതി മുന്നോട്ട് പോകുന്നത്. ജൂൺ 26-ലെ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിപുലമായ ബോധവത്കരണ-കായിക പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലലും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പ്രത്യേക ബോധവൽക്കരണ സന്ദേശങ്ങളും ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.


ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ ലഹരി മാഫിയകളെ തകർക്കാനുള്ള വലിയൊരു പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ഫുട്ബോളിനോടുള്ള കുട്ടികളുടെ ആവേശം ലഹരിക്കെതിരെയുള്ള ഊർജ്ജമാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.


സംസ്ഥാനത്തെ സ്കൂളുകൾ അടിക്കുന്ന ഗോളുകളുടെ എണ്ണം തത്സമയം അറിയാൻ പ്രത്യേക ഡിജിറ്റൽ ഡാഷ്ബോർഡും സജ്ജമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം ജീവിതത്തെ തകർക്കുകയും ആത്മഹത്യയിലേക്കോ മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്കോ നയിക്കുകയും ചെയ്യും. അതിനാൽ പുതിയ തലമുറ കായിക-കലാ വിനോദങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മാതാപിതാക്കളെയും സമൂഹത്തെയും സംരക്ഷിക്കാൻ കഴിയുന്ന കരുത്തുള്ള ശക്തിയായി വിദ്യാർഥികൾ മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഉദ്ഘാടന ചടങ്ങിന് ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ഒളിമ്പ്യൻ പി.ആർ. ശ്രീജേഷും വിദ്യാർഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ഗോളുകൾ നേടി ആവേശം പങ്കിട്ടു. പേരൂർക്കട ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ്, കവടിയാർ സാൽവേഷൻ ആർമി എച്ച്എസ്എസ് എന്നിവിടങ്ങളിൽ നിന്നുള്ള നാൽപതോളം വിദ്യാർഥികളാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, കൈറ്റ് സിഇഓ അൻവർ സാദത്ത് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.