ഉയര്‍ന്ന ചൂട്: 11 മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില് ഏല്‍ക്കരുതെന്ന് ആരോഗ്യ വകുപ്പ്
◈ ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും
◈ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
◈ ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലേറ്റാല് സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണം.
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍. യുവി രശ്മികള്‍ അധികമായി നേരിട്ട് ശരീരത്തില്‍ ഏല്ക്കുമ്പോള് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇത് ചര്‍മ്മ, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാം. കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ച് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമായേക്കാം. ചര്‍മ്മത്തിന്റെ നിറം മാറ്റം, ചര്‍മ്മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയേയും ബാധിക്കാം. വെയിലിന്റെ കാഠിന്യമുള്ള രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ്, സണ്‍സ്ക്രീന്‍ എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
ശരീരത്തില്‍ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വീട്ടിനുള്ളിലാണെങ്കിലും നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കുടിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. വീട്ടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം.
പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുകയോ ഫാനോ എ.സി.യോ ഉപയോഗിക്കുകയോ ചെയ്യുക. ഉടന്‍ ചികിത്സ തേടുക.









