ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച്‌ ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

post

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച്‌ ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്. കോഴിക്കോട് മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്റ്റ് നടന്നത്. സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്.

കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. നാല് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. 2134.5 കോടി രൂപയാണ് പദ്ധതി. തുരങ്കപാതയുടെ വിവരങ്ങൾ കിഫ്ബി, കൊങ്കൺ റെയിൽവേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.


സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങൾക്കായി മുത്തപ്പൻപുഴ എൽ പി സ്‌കൂളിൽ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും നേരെയുള്ള ബ്ലാസ്റ്റാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ചാർണോക്കൈറ്റ് പാറ, ഉറപ്പുള്ളത്

തുരങ്കപാത നിർമിക്കുന്ന ഭാഗത്ത് ഉറപ്പുള്ള ചാർണോക്കൈറ്റ് പാറകളായതിനാൽ തുരങ്കനിർമാണത്തിന് ഉചിതമാണെന്നും വലിയ പ്രതിസന്ധികൾ പ്രതീക്ഷിക്കുന്നില്ലെന്നും കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ പറഞ്ഞു. ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയാണ് തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്നത്. നാല് പ്രവേശനങ്ങളുള്ള പാതയിൽ കോഴിക്കോട് ഭാഗം തുരക്കുന്നതിനൊപ്പം തന്നെ വയനാട് ഭാഗവും തുരന്നുതുടങ്ങും. ഇത് ഒരു മാസത്തിനകം ആരംഭിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കും. പദ്ധതിക്കായി 40 കോടി രൂപ കിഫ്ബി മാറ്റിവെച്ചിട്ടുണ്ട്.