പൂമലച്ചാൽ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
* പൂമലച്ചാൽ ടൂറിസം പാർക്കിനെ കെ കെ ആർ പാർക്ക് എന്ന് നാമകരണം ചെയ്യും: മന്ത്രി സജി ചെറിയാൻ
ചെങ്ങന്നൂരിൽ പുതുതായി നിർമ്മിച്ച പൂമലച്ചാൽ ടൂറിസം പാർക്കിന്
കെ.കെ.ആർ പാർക്ക് എന്ന് നാമകരണം ചെയ്യുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം പാർക്കിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂമലച്ചാലിൻ്റെ വികസനത്തിന് തുടക്കം കുറിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥമാണ് പാർക്കിന് കെ.കെ.ആർ പാർക്ക് എന്ന് നാമകരണം ചെയ്യുന്നത്. കലാപരിപാടികൾ അവതരിപ്പാക്കാൻ സ്ഥിരംവേദിയും ശബ്ദ സംവിധാനവും
ഒരുക്കുമെന്നും 14 കോടി ചെലവഴിച്ചു നിർമ്മിക്കുന്ന കുതിരവട്ടംചിറ ടൂറിസം പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ മണ്ഡലത്തിലെ ആദ്യ ടൂറിസം പദ്ധതിയെന്ന നിലയിൽ
പതിറ്റാണ്ടുകളായി കാത്തിരുന്ന പദ്ധതിയാണ് പൂമലച്ചാൽ ടൂറിസം പദ്ധതി. ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെടുന്ന പൂമലച്ചാൽ ജലാശയവും പരിസരവും ഉൾപ്പെടെ 23 ഏക്കറിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഒന്നാം ഘട്ടമായി
ഇക്കോ ടൂറിസം പദ്ധതിയോടൊപ്പം പൂമലച്ചാലിൻ്റെ സംരക്ഷണത്തിനായി 13.30 കോടി രൂപ ചെലവഴിച്ച് ചാലിൻ്റെ അടിത്തട്ടിൽ അടിഞ്ഞ് കിടക്കുന്ന പായലും, ചെളിയും നീക്കം ചെയ്ത് കുളത്തിന്റെ സംഭരണശേഷി കൂട്ടി. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്ന് 3.42 കോടി രൂപ ചെലവഴിച്ചാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കിയത്. ചാലിലെ പെഡൽ ബോട്ടുകളും മ്യൂസിക്കൽ ഫൗണ്ടനുമാണ് പാർക്കിൻ്റെ പ്രത്യേകത. 100 മീറ്റർ നീളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണത്തിന്റെ ഭാഗമായി അപ്പോളോ പ്ലാസ്റ്റിക് മാറ്റുകൾ പാകി. ഇതിനു മുകളിൽ റബർ മാറ്റുകൾ പാകി ഹാൻഡ് റെയ്ലുകൾ സ്ഥാപിച്ചു. ചാലിന് മൂന്ന് വശത്തും 480
മീറ്റർ വീതം നടപ്പാത, സ്റ്റീൽ ബാരിക്കേഡ്, സന്ദർശകർക്ക് വിശ്രമിക്കാനായി വശങ്ങളിൽ മൂന്ന് ഹട്ടുകൾ, ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സൗകര്യം, മഴവിൽപ്പാലം, ശുചിമുറികൾ, റെയിൻ ഷെൽട്ടർ, വെള്ളത്തിലേക്കിറങ്ങി നിൽക്കുംവിധം കഫെറ്റീരിയ എന്നിവയും പൂർത്തിയാക്കി.
ഉദ്ഘാടന ചടങ്ങിൽ ആലാ പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ ബിജു അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി, വൈസ് പ്രസിഡൻ്റ് ജി വിവേക്, ജില്ല പഞ്ചായത്തംഗം നിതിൻ ചെറിയാൻ റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി ശ്രീകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ പി വിജയലക്ഷ്മി, വി എൻ സജി കുമാർ, റീന അനിൽ പഞ്ചായത്തംഗം എസ് ശാലിനി, ചീഫ് പ്രൊജക്റ്റ് ഓഫീസർ അബ്ദുൽ ഷുക്കൂർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









