ജൈവ വൈവിധ്യത്തെ കണ്ടെത്തല്‍: ഫോട്ടോ ഇന്‍വെന്ററികള്‍ ക്ഷണിച്ചു

post

തിരുവനന്തപുരം : കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വീട്ടില്‍ ആയിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കിവരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇന്‍വെന്ററികള്‍ ക്ഷണിച്ചു. വീടിനകത്തും, വീടിനോടുചേര്‍ന്നുമുള്ള സസ്യജന്തുജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകള്‍ എടുത്തു വീട്ടിലുള്ള മുതിര്‍ന്നവരെ കാണിച്ചു അതുമായി ബന്ധപ്പെട്ട അറിവുകള്‍ ഉള്‍പ്പെടുത്തി അയക്കാം. കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ സമയം പാലിച്ചിരിക്കണം.

വിവിധതരം സസ്യങ്ങളും ജന്തുക്കളും നമ്മുടെ വീടുകളിലുണ്ട്. വീട്ടിന്റെ ചുമരിലെ ചിലന്തികള്‍, പല്ലികള്‍, നിശാശലഭങ്ങള്‍, ഈയലുകള്‍, ഉറുമ്പുകള്‍ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. വീടുനോടുചേര്‍ന്നുള്ള ജൈവവൈവിധ്യവും സമ്പന്നമാണ്. സസ്യങ്ങളില്‍- മരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, പായലുകള്‍, മരങ്ങളില്‍ കാണുന്ന പന്നല്‍ ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയും; ജന്തുക്കളില്‍-ഈച്ച, വണ്ട്, ചിത്രശലഭങ്ങള്‍, തുമ്പികള്‍, അട്ട, ഉറുമ്പ്, പുല്‍ച്ചാടികള്‍, അരണ, പക്ഷികള്‍, കീരി എന്നിവയും ഉദാഹരണങ്ങളാണ്.

'Homestead Biodiversity' യെ കുറിച്ചുള്ള പഠനം വളരെ കുറവായതിനാല്‍ ഇവയുടെ വിവരശേഖരണത്തിന്റെ അപൂര്‍വ്വമായ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി കൂടുതല്‍ ജൈവവൈവിധ്യത്തെ കണ്ടെത്തി അവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോട്ടോകള്‍ അയയ്ക്കാം. ഫോട്ടോകളിലുള്ള ജൈവവൈവിധ്യത്തിന്റെ മികവ് പരിശോധിച്ച് ഓരോ ജില്ലയില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ ഈ വിവരങ്ങള്‍ അതത് ബി.എം.സി. യുടെ (ഗ്രാമ പഞ്ചായത്ത്, നഗരസഭ, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) ജൈവവൈവിധ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.ഫോട്ടോകള്‍ വീടിനകത്തും, വീടുനോടു ചേര്‍ന്നുമുള്ളവയായിരിക്കണം. അയയ്ക്കുന്ന വ്യക്തിയുടെ പേര്, വയസ്സ്, മേല്‍വിലാസം, തൊഴില്‍, ഫോണ്‍ നമ്പര്‍, പഞ്ചായത്ത്, ജില്ല, ഫോട്ടോയെക്കുറിച്ചുള്ള ചെറിയ വിവരണം എന്നിവ  ksbbentries2020@gmail.com   എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. സസ്യ ജൈവവൈവിധ്യം, ജന്തു ജൈവവൈവിധ്യം എന്നിവ സംബന്ധിച്ച ഫോട്ടോകള്‍ വെവ്വേറെ മെയിലുകളായി അയയ്ക്കണം. അയയ്ക്കേണ്ട അവസാന തിയതി മെയ് 15. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കേരള സംസ്ഥാന ആരോഗ്യ വകുപ്പും ദുരന്തദിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കണം.