ഓരോ ജില്ലയ്ക്കും പ്രത്യേക രോഗപ്രതിരോധ പ്ലാന്‍, ആശുപത്രികളില്‍ ടെലിമെഡിസിന്‍ സൗകര്യം

post

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്സ്പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും  കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തില്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടി വരും. ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് ആളുകള്‍ക്ക് വരുമാനം ഉണ്ടാകാന്‍ തൊഴില്‍മേഖല സജീവമാക്കാനാവണം.

ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളില്‍. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസസൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കണം.

മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കുന്നതിനാല്‍ റബ്ബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കും. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അതിനകം നല്ല ഭാഗം പൂര്‍ത്തീകരിക്കാന്‍ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണവും ഉടനെ പൂര്‍ത്തിയാക്കണം. അതിനുവേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കണം.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തുന്നതിനും മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളും അനുവദിക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ മാര്‍ക്കറ്റുകള്‍ തുറക്കാം. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ (ഓയില്‍ മില്‍, റൈസ് മില്‍, ഫ്ളവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പ്പാദനം) തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍  ഉള്‍പ്പെടുത്താത്ത വെളിച്ചെണ്ണ കൂടി ഉള്‍പ്പെടുത്തും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും.വളവും വിത്തും മറ്റും വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കും.  

മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല. തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിട്ടുപോയ ഏലവും കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും. 50 ശതമാനം തൊഴിലാളികളെ വെച്ചാണ് ഒരുഘട്ടത്തിലുള്ള പ്രവര്‍ത്തനം തോട്ടങ്ങളില്‍ നടത്തുക.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കണം. തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍). രോഗബാധിതരായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

ആരെയെങ്കിലും ഡോക്ടര്‍ക്ക് കാണേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വാഹനം അതിനായി ഉപയോഗിക്കാം. രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍  സ്വകാര്യമേഖലയുടെ സഹായവും തേടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കലക്ടറും ഡി.എം.ഒയും കൂടി സ്വാകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കണം.

സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങള്‍ക്കുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ഇതോടൊപ്പം ആയൂര്‍വ്വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാം. തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉള്‍പ്പെടെ) പ്രകാരമുള്ള ജോലി സംസ്ഥാനത്ത് ആരംഭിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു ടീമില്‍ ഉണ്ടാകാത്ത രീതിയില്‍ ക്രമീകരിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയൂര്‍വേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും.

മെയ് 3 വരെ കോസ്മറ്റിക്സ് ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ദ്ധന സേവനങ്ങള്‍ ഇല്ലാതെ ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. എസി ഉപയോഗിക്കരുത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഷോപ്പില്‍ കാത്തിരിക്കാന്‍ പാടില്ല. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മൊബൈല്‍-കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍ തുടങ്ങിയവര്‍ വാതില്‍പ്പടി സേവനം നല്‍കുമ്പോള്‍ ശരിയായ ശാരീരിക അകലം പാലിക്കുകയും മാസ്‌ക്ക് ഉപയോഗിക്കുകയും വേണം. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല.