വാഹനങ്ങള്‍ ഓടാന്‍ ഒറ്റ, ഇരട്ട അക്ക ക്രമീകരണം
തിരുവനന്തപുരം : ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കുന്ന രീതിയില്‍ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകും. നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടാവാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും ഈ അവസരം ഉപയോഗിക്കാം.
അതിഥി തൊഴിലാളികള്‍ക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുവെന്ന് സിവില്‍ സപ്ലൈസ് ഉറപ്പാക്കണം. അവശ്യ മരുന്നുകള്‍ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോള്‍ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ചാണ് നോര്‍ക്ക ഇത് ചെയ്യുന്നത്. സേവനം ആവശ്യമുള്ളവര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കാലത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് അവരെ അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കാലവര്‍ഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. അതിന് അനുമതി നല്‍കും. കിണറുകള്‍ വൃത്തിയാക്കാനും അനുമതിയുണ്ടാകും. ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയില്‍ കൊല്ലം വരെ എത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കും. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്ക്സുമാണ് കശുവണ്ടി എടുക്കുന്നത്.
അങ്കണവാടികള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്കാന് തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 15 വരെ ഭക്ഷണ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. അങ്കണവാടി പ്രവര്‍ത്തകര്‍ 37 ലക്ഷം വയോധികരുടെ വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്കാവശ്യമായ സാഹയങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കും. സ്വര്ണപണയത്തിന്മേല് മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് അപ്രൈസല്‍, പ്രോസസ്സിങ് ചാര്‍ജുകള്‍ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെയും സ്ഥാപനങ്ങളുടെയും പൂര്‍ണ സഹകരണം പി വി അബ്ദുള്‍വഹാബ് എംപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ജന്ശിക്ഷന് സന്സ്താന് തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങള്‍ ഐസോലേഷന് വാര്‍ഡുകളാക്കാന്‍ വിട്ടു നല്‍കും. നിര്‍മാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്ക്കുകള്‍ ദിവസേന നിര്‍മിച്ചു നല്കാന് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പീവീസ് മോഡല്‍ സ്കൂള്‍, അമല്‍ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനല്‍കും എന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ് റ്റേഴ്സ് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഒരു ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന് സള്‍ഫേറ്റ് ഗുളികകള്‍ സംഭാവന ചെയ്തതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.