സുരക്ഷിത വിദേശ തൊഴിൽ കുടിയേറ്റം: നോർക്ക-PoE ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഒക്ടോബർ 7 ന്

post

വിദേശ തൊഴിൽ കുടിയേറ്റ നടപടികളിൽ സുതാര്യതും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) കേന്ദ്ര വിദേശകാര്യ മന്ത്രായത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഒക്ടോബർ 7ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ  ചേരുന്ന കോൺക്ലേവിൽ വിദേശകാര്യ മന്ത്രാലയത്തിലെ  ഉന്നത ഉദ്യോഗസ്ഥർ,  സംസ്ഥാന സർക്കാർ പ്രതിനിധികൾ,  നൈപുണ്യ വികസന ഏജൻസികളിൽ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ നിന്നുമുളള പ്രതിനിധികൾ,  കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ,  തുടങ്ങിയവർ  സംബന്ധിക്കും. വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും.  വിദേശരാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക്‌ഫോഴ്‌സ് ലീഡർഷിപ്പിനായുളള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്‌മെന്റ് നടപടികൾ, നയ രൂപീകരണത്തിനായുളള ഓപ്പൺ ഹൗസ് എന്നീ സെഷനുകൾ ഉൾക്കൊളളുന്നതാണ് കോൺക്ലേവ്.

വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റിലെ മാറുന്ന കാഴ്ചപാടുകൾ സാധ്യതകൾ, ഭാവിയിലെ മാനവവിഭവശേഷിക്കാവശ്യമായ നൈപുണ്യ വികസനം,  അക്കാദമിക് തയ്യാറെടുപ്പുകൾ, മൈഗ്രന്റ് മാപ്പിങ്, റിക്രൂട്ട്‌മെന്റ് ഏജൻസികൾ നേരിടുന്ന വെല്ലുകളിൽ എന്നിവയെല്ലാം കോൺക്ലേവിൽ ചർച്ചയാകും.  വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴിൽ കുടിയേറ്റത്തിന് ദേശീയ തലത്തിൽ സ്വീകരിക്കേണ്ട നടപടികളും കോൺക്ലേവ് ചർച്ച ചെയ്യും. എമിഗ്രേഷൻ ആക്ടിന്റെ മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ടുളള റിക്രൂട്ട്‌മെന്റ് പ്രോൽസാഹിപ്പിക്കുക, അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് റിക്രൂട്ട്‌മെന്റ് ഏജൻസികൾ തമ്മിലുളള ഏകോപനം സാധ്യമാക്കുക, സുതാര്യവും സുരക്ഷിതവുമായ കുടിയേറ്റത്തിനായുളള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, വിവിധ ഏജൻസികൾ, വിദേശ തൊഴിൽ ദാതാക്കൾ, സ്ഥാപനങ്ങൾ, സർക്കാറുകൾ എന്നിവയുമായി ബന്ധം ശക്തമാക്കുക, കേരളത്തെ ആഗോളതൊഴിൽ സാധ്യതകൾക്കായി  വിദഗ്ധ തൊഴിലാളികളുടേയും പ്രൊഫഷണലുകളുടേയും ഹബ്ബാക്കി ഉയർത്തുക എന്നതും പ്രധാന ലക്ഷ്യങ്ങളാണ്. ആരോഗ്യ മേഖലയിലെ ആഗോള ടാലന്റ് പൂളായി കേരളത്തെ അവതരിപ്പിക്കുക,  സ്‌കിൽ മാപ്പിങ്ങ്, വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴിൽ കുടിയേറ്റത്തെ പ്രോൽസാഹിപ്പിക്കുന്ന കേരളത്തിന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുക എന്നതും കോൺക്ലേവ് ലക്ഷ്യമിടുന്നു.