ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത് ബിരുദദാനം സംഘടിപ്പിച്ചു

post

അക്കാദമിക നേട്ടങ്ങൾ സാമൂഹിക പുരോഗതിക്ക് ഉയോഗിക്കണം: ഗവർണർ

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മൂന്നാമത് ബിരുദദാനം കാര്യവട്ടം ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു.അക്കാദമിക നേട്ടങ്ങൾ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കണമെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.

സർട്ടിഫിക്കറ്റുകളും മെഡലുകളും സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം. ബിരുദ നേട്ടം ജീവിതത്തെ അർഥപൂർണമാക്കാനുള്ള ഭാവിലേക്കുള്ള വഴിയായി മാറണമെന്നും, ലക്ഷ്യങ്ങൾ ഇനി എന്ത് ചെയ്യണം, എപ്പോൾ ചെയ്യണം എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നേടുക എന്നതിനപ്പുറം മറ്റുള്ളവർക്ക് ജോലി നൽകുക എന്നതായിരിക്കണം ലക്ഷ്യം. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട പലരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താതിരിക്കുന്നത് അതിശയകരമാണെന്നും, എന്നാൽ ലിസ്റ്റിൽ ഇല്ലാത്ത പലരും മികച്ച സംഭാവന നൽകുന്നവരായി മാറിയിട്ടുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഡിഗ്രിക്കും ശതമാനത്തിനും അപ്പുറം, നാളെകളിൽ എന്ത് ചെയ്യുമെന്ന തീരുമാനത്തിനാകണം പ്രസക്തി. രാജ്യത്തിന് അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള. ഡിജിറ്റലൈസേഷൻ പരിസ്ഥിതിയെ സംരക്ഷിക്കും. ഇൻകുബേഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സാകര്യങ്ങളുള്ള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചവരെന്ന നിലയിൽ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾ തുടങ്ങാൻ വിദ്യാർഥികൾക്ക് കഴിയും. ജീവിതത്തിൽ പരാജയങ്ങളുണ്ടാകും, എന്നാൽ അതിനുപ്പുറം വിജയത്തിലേക്കെത്താൻ കഴിയുമെന്ന വിശ്വാസം ഉണ്ടാകണമെന്നു ഗവർണർ പറഞ്ഞു.  ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാൻസലർ ഡോ. സിസ തോമസ്, ബോർഡ് ഓഫ് ഗവേണൻസ് ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു, ഡോ. ടി പി ശ്രീനിവാസൻ എന്നിവരും സംബന്ധിച്ചു.