ഡോ. മാലതി ദാമോദരന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മഹാനായ അച്ഛന്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛന്റെയോ ഭർത്താവിന്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇ എം എസിന്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ അവർ പകർത്തി. ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം ഡോ. മാലതിക്ക് ഉണ്ടായിരുന്നു. സ്വന്തമായതെല്ലാം സമൂഹത്തിനും പ്രസ്ഥാനത്തിനും കരുതി വെച്ച ഡോ. മാലതിക്ക് ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണവും ഉണ്ടായിരുന്നു.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ എം എസ് എഴുതിയ പുസ്തകമായിരുന്നു മാലതിക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം. കാളിദാസന്റെ ശാകുന്തളം ഉദ്ധരിച്ച് ഇ എം എസ് അതിന്റെ പുറംച്ചട്ടയിൽ എഴുതിയ വാക്യങ്ങൾ ഒരു അച്ഛനും മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധം വരച്ച് കാട്ടുന്നതായിരുന്നു. ചിക്കൻ പോക്‌സ് ബാധിതനായ തന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തൊട്ടുതലേ ദിവസം പ്രസവിച്ച് കിടക്കുന്ന അമ്മ ആര്യാ അന്തർജനത്തെ എട്ടാം വയസ്സിൽ പരിചരിച്ചതിനെപ്പറ്റി ഡോ. മാലതി പിന്നീട് പറഞ്ഞിരുന്നു.
ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.