അന്താരാഷ്ട്ര മാധ്യമോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ തിരുവനന്തപുരത്ത്

post

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

'മാധ്യമം നേരിനും സമാധാനത്തിനും' എന്ന ആപ്തവാക്യവുമായി കേരള മീഡിയ അക്കാദമിയുടെ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള (IMFK)യ്ക്ക് തിരുവനന്തപുരത്ത് തിങ്കളാഴ്ച(സെപ്റ്റംബർ 29 ) തുടക്കമാകും. പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് മുഖ്യാതിഥിയാകുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം തിങ്കളാഴ്ച ടാഗോർ തിയേറ്ററിൽ ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്യും. പലസ്തീൻ പതാകയിലെ നിറങ്ങളുള്ള പട്ടം ഉയർത്തിയാകും ഉദ്ഘാടനം.

കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന ഫെസ്റ്റിവൽ സെപ്തംബർ 30ന് വൈകുന്നേരം 5.30ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സൺ ഓഫ് ദി ഈയർ അവാർഡ് ആഫ്രിക്കയിലെ ബുർക്കിനോഫാസയിലെ മാധ്യമ പ്രവർത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങും. മറിയം ഔഡ്രാഗോ ആഫ്രിക്കയിൽനിന്നും ഞായറാഴ്ച തലസ്ഥാനത്തെത്തും. പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളടക്കം ലോകത്തെ അറിയിച്ച പ്രഗത്ഭ ജേർണലിസ്റ്റാണ് മറിയം.

ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് 2022, 23, 24 വർഷങ്ങളിൽ നേടിയ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്ദീപ് സർദേശായി എന്നിവരും മുഖ്യമന്ത്രിയിൽനിന്ന് അവാർഡുകൾ സ്വീകരിക്കും. നാലുപേർക്കും ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. ശശികുമാർ, റാണാ അയൂബ്, അരുണാചൽ ടൈംസിന്റെ അസോസിയേറ്റ് എഡിറ്റർ ടോംഗം റിന, ഛത്തീസ്ഗഢിൽ ബസ്തർ ആദിവാസി മേഖലയിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജേർണലിസ്റ്റ് പുഷ്പ റോക്ഡെ, ആൾട്ട് ന്യൂസ് സ്ഥാപകരായ പ്രതിക് സിൻഹ, മുഹമ്മദ് സുബൈർ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര ഫെസ്റ്റിവലിൽ പങ്കെടുക്കും. ഭീകരവാദികളുടെ വെടിയുണ്ടയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവന്ന പത്രപ്രവർത്തകയാണ് ടോംഗം റിന.

ഐഎൻഎസിന്റെ ദേശീയ പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മ, ഐ ആന്റ് പിആർഡി ഡയറക്ടർ ടി വി സുഭാഷ്, കേരള സർക്കാരിന്റെ ദില്ലി പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയൻ പോൾ, കെ ജെ തോമസ്, ദീപു രവി, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ്

കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം പൂർവവിദ്യാർഥികളുടെ സംഗമം ഉണ്ടാകും. പ്രഥമ വി പി രാമചന്ദ്രൻ സ്മാരക അവാർഡ് യുകെയിലെ മാധ്യമപ്രവർത്തകനും മാധ്യമ ഉടമയുമായ അനസുദ്ധീൻ അസീസിന് പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാർ സമ്മാനിക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ട് മൾട്ടിമീഡിയ-ഫോട്ടോ എസ്‌കിബിഷൻ ഒരുക്കിയിട്ടുണ്ട്. ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട മുന്നൂറിലധികം മാധ്യമപ്രവർത്തകർക്ക് പ്രണാമമേകുന്ന പ്രദർശനത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ ചിത്രങ്ങളും അവർ പകർത്തിയത് ഉൾപ്പെടെയുള്ള ചിത്രങ്ങളുമുണ്ടാകും. ഈ ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ ഫെസ്റ്റിവലിന്റെ സമാപനമായി മാനവീയം വീഥിയിൽ ഒക്ടോബർ 2ന് വൈകുന്നേരം 6.30ന് നടക്കുന്ന 'സേവ് ഗാസ' സംഗമത്തിൽ പ്രദർശിപ്പിക്കും. 'സേവ് ഗാസ' സംഗമം രാജ്യസഭയിലെ സിപിഐ എം നേതാവും മാധ്യമസാരഥിയുമായ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വേറിട്ട സ്വഭാവം അവതരിപ്പിക്കുന്ന 'റിയൽ കേരള സ്റ്റോറി' എക്സിബിഷൻ പ്രത്യേകതയുള്ളതാകും. ഫോട്ടോകൾക്കൊപ്പം ഓഡിയോ, വീഡിയോ വിരുന്നുമുണ്ടാകും.

കേരളം എങ്ങിനെ ഇതര സംസ്ഥാനങ്ങളിൽനിന്നും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽനിന്നും വ്യത്യസ്തമാണ് എന്നത് വ്യക്തമാക്കുന്ന എക്സിബിഷന് പുറമെ, ഇക്കാര്യത്തിലുള്ള പാനൽ ഡിസ്‌കഷനും ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ മാധ്യമ സാധ്യതകൾ വർക്കിംഗ് ജേർണലിസ്റ്റുകൾക്ക് പകർന്നു നൽകുന്നതിനുള്ള വർക്ക്ഷോപ്പ് 30, 1 തീയതികളിൽ നടക്കും. ആൾട്ട് ന്യൂസിന്റെ സ്ഥാപകരായ പ്രതിക് സിൻഹ, മുഹമ്മദ് സുബൈർ എന്നിവർ വ്യാജവാർത്തകൾ തടയുന്നതിനുള്ള മാർഗങ്ങളെപ്പറ്റി ക്ലാസ്സെടുക്കും. സുനിൽ പ്രഭാകർ, ബാബു രാമചന്ദ്രൻ & ടീം, ഷിജു സദൻ എന്നിവർ ക്ലാസ്സുകൾ നയിക്കും.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ 30നും ഒക്ടോബർ 1നും കോളേജ്-സ്‌കൂൾ വിദ്യാർഥികൾക്കുള്ള മാധ്യമ പ്രശ്നോത്തരിയായ 'ക്വിസ് പ്രസ്' ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപ് നയിക്കും. മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി മന്ത്രി ആർ ബിന്ദു സമ്മാനിക്കും.

എംബിഎസ് യൂത്ത്ക്വയർ, വിവിധ ബാൻഡ് ട്രൂപ്പുകൾ എന്നിവയുടെ സംഗീതപരിപാടികൾ ഉണ്ടാകും. ഇൻഫർമേഷൻ ആന്റ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റും കേരള പത്രപ്രവർത്തകയൂണിയനുമായി സഹകരിച്ചാണ് ഐഎംഎഫ്കെ സംഘടിപ്പിക്കുന്നത്.

വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി അരുൺ എസ് എസ്, പത്ര പ്രവർത്തക യൂണിയൻ പ്രതിനിധി സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു.