കുട്ടികളുടെയും യുവജനതയുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കർമ്മപദ്ധതി

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെയും ലഹരി ഉപയോഗത്തെയും ഫലപ്രദമായി നേരിടാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി അധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കി മാറ്റുന്നതിനുള്ള പരിശീലന പരിപാടി നടപ്പിലാക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും അവർക്ക് മാനസിക പിന്തുണ നൽകുന്നതിനും അധ്യാപകരെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓരോ കുട്ടിയുടെയും മാനസികാവസ്ഥ നേരിട്ടറിയാൻ ഏറ്റവും കൂടുതൽ സാധ്യത അധ്യാപകർക്കാണ്. അതുകൊണ്ടാണ് അവരെ ഈ ദൗത്യത്തിന് തിരഞ്ഞെടുത്തത്. ഈ പരിശീലനം മൂന്ന് തലങ്ങളിലായാണ് നടക്കുന്നത്. സംസ്ഥാനതലത്തിന്റെ ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 പേർക്കാണ് പരിശീലനം നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിലെ സ്‌കൂൾ കൗൺസിലർമാർ, സൗഹൃദ കോർഡിനേറ്റർമാർ, കരിയർ ഗൈഡൻസ് കോർഡിനേറ്റർമാർ, ഹൈസ്‌കൂൾ അധ്യാപകർ, ഡയറ്റ് കൗൺസിലർമാർ എന്നിവർ ഈ സംഘത്തിലുണ്ട്. ഇതിൽ ആദ്യ ബാച്ചിലെ 100 പേരുടെ പരിശീലനം തിരുവനന്തപുരത്ത് പൂർത്തിയായി.
സംസ്ഥാനതല പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ ജില്ലാതലങ്ങളിൽ മൂന്ന് ദിവസത്തെ പരിശീലനം നടക്കും. ഈ ഘട്ടത്തിൽ ഏകദേശം നാലിയിരത്തി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് അധ്യാപകർക്ക് പരിശീലനം ലഭിക്കും. 91 ബാച്ചുകളായി ഈ പരിശീലനം തുടരും.
ജില്ലാതല പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാർ തുടർന്ന് സ്‌കൂൾ തലത്തിൽ പരിശീലനം നൽകും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ അധ്യാപകർക്കും മൂന്ന് ശനിയാഴ്ചകളിലായി ഈ പരിശീലനം നൽകും. ഏകദേശം എട്ടായിരം അധ്യാപകർക്ക് ഈ ഘട്ടത്തിൽ പരിശീലനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനം ലഭിച്ച കൗൺസിലർമാർ തന്നെയാണ് ഈ സെഷനുകൾ കൈകാര്യം ചെയ്യുന്നത്.
വിദ്യാർത്ഥികളിലും അധ്യാപകരിലുമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനും ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് പുതിയ ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. അധ്യാപകർക്ക് പ്രാഥമിക കൗൺസിലിംഗ് പരിശീലനം നൽകുന്നതിലൂടെ അവർക്ക് കുട്ടികളുടെ മാനസിക ആവശ്യങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കും.
രണ്ട് ഘട്ടങ്ങളായാണ് ഈ ശിൽപശാലകൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ കൗൺസിലിംഗിന്റെ സൈദ്ധാന്തിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാം ഘട്ടത്തിൽ, അധ്യാപകർക്കായി മാനസിക സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക ശിൽപശാലയാണ് നടത്തുന്നത്. സ്വന്തം മനസ്സിൽ സമ്മർദ്ദവും അശാന്തിയും നിറഞ്ഞ ഒരാൾക്ക് വിദ്യാർത്ഥികളോട് ശരിയായ സഹാനുഭൂതിയും ക്ഷമയും കാണിക്കാൻ കഴിയില്ലെന്ന് നമുക്കറിയാം. അതിനാൽ, അധ്യാപകരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് അവരുടെ തൊഴിൽപരമായ കാര്യക്ഷമതയ്ക്കും ഒപ്പം നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും നിർണായകമാണ്. ഈ പദ്ധതികളിലൂടെ നമ്മുടെ കുട്ടികൾക്ക് ആരോഗ്യകരമായ ഭാവിയൊരുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.