ഫയൽ അദാലത്തിൽ 53.87 ശതമാനം ഫയലുകൾ തീർപ്പാക്കി: മുഖ്യമന്ത്രി

post

സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ജൂലൈ 1ന് ആരംഭിച്ച ഫയൽ അദാലത്തിന്റെ ഭാഗമായി ഇതുവരെയുള്ള കണക്കുകൾ പ്രകാരം സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റുകൾ, യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോൾ ആകെ 53.87 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സെക്രട്ടേറിയറ്റിൽ 46.63 ശതമാനവും ഡയറക്ടറേറ്റുകളിൽ 55.7 ശതമാനവും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിൽ 73.03 ശതമാനവും    ഫയലുകളാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിൽ ആകെയുണ്ടായിരുന്ന 3,04,960 ഫയലുകളിൽ 1,42,201 ഉം ഡയറക്ടറേറ്റുകളിൽ 9,09,678 എണ്ണത്തിൽ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ൽ 20,668 ഉം ഫയലുകളാണ് ഇതുവരെ തീർപ്പാക്കാനായത്.

സെക്രട്ടേറിയറ്റിൽ 11 വകുപ്പുകളിൽ 60 ശതമാനത്തിൽ അധികം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. മറ്റു 30 വകുപ്പുകൾ 40-50 ശതമാനം വരെ തീർപ്പാക്കി. 8 വകുപ്പുകളിലെ പുരോഗതി 20-40 ശതമാനം മാത്രമാണ്. ഡയറക്ടറേറ്റുകളിൽ 48 വകുപ്പുകൾ 60 ശതമാനത്തിൽ അധികം പുരോഗതി നേടിയിട്ടുണ്ട്.  മറ്റ് 36 വകുപ്പുകൾ 40 ശതമാനത്തിൽ അധികം ഫയലുകൾ തീർപ്പാക്കി. കുറഞ്ഞത് 60 ശതമാനം ഫയലുകളെങ്കിലും ആഗസ്റ്റ് 31ന് അവസാനിക്കുന്ന അദാലത്ത് കാലയളവിൽ തീർപ്പാക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നത്.

ഫയൽ അദാലത്തിന്റെ വിജയത്തിന് ജീവനക്കാരുടെ ഭാഗത്തുനിന്ന്  നല്ല  സഹകരണമുണ്ടായി. പൊതുജനങ്ങളുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്ന ചില വകുപ്പുകൾ അദാലത്തിൽ പിന്നോക്കം പോയത് പ്രത്യേകം പരിശോധിക്കും.  ചീഫ് സെക്രട്ടറി നടത്തുന്ന പ്രതിമാസ യോഗങ്ങളിൽ ഇതിന്റെ പുരോഗതി തുടർച്ചയായി വിലയിരുത്തും. ഫയൽ അദാലത്തിനായി തയ്യാറാക്കിയ പോർട്ടൽ തുടർ സംവിധാനമായി നിലനിർത്തും. മൂന്ന് മാസത്തിന് ശേഷം പുരോഗതി വീണ്ടും വിലയിരുത്തുന്നതിന് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.