ഗണേശോത്സവം: പരിസ്ഥിതി സൗഹൃദ ആഘോഷത്തിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ

post

പരിസ്ഥിതി സൗഹൃദമായ ഗണേശോത്സവം ഉറപ്പാക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2010-ൽ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തിറക്കിയതും 2020-ൽ പുതുക്കിയതുമായ മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് ഈ നിർദേശങ്ങൾ. വിഗ്രഹ നിമജ്ജനത്തിനായി പരമാവധി ചെറുതും കളിമണ്ണിൽ നിർമിച്ചതുമായ വിഗ്രഹങ്ങൾ മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾ ഒഴിവാക്കണം. വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുമുമ്പ് അതിലെ അലങ്കാരങ്ങൾ, പൂക്കൾ, മാലകൾ, തുണികൾ എന്നിവയെല്ലാം നീക്കം ചെയ്യണം. ഈ മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരാത്ത രീതിയിൽ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി നിർമാർജനം ചെയ്യണം. വിഗ്രഹങ്ങൾ നിർമ്മിക്കാൻ വിഷമയമല്ലാത്ത പ്രകൃതിദത്ത ചായങ്ങൾ മാത്രം ഉപയോഗിക്കുക. കിണറുകൾ, നദികൾ, തടാകങ്ങൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിൽ വിഗ്രഹം നിമജ്ജനം ചെയ്യാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദിഷ്ട സ്ഥലങ്ങളിൽ തയ്യാറാക്കുന്ന പ്രത്യേക കുളങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കുക. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. കൂടാതെ, വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ, അമിതമായി പുക പുറത്തുവിടുന്ന പടക്കങ്ങൾ എന്നിവ ഒഴിവാക്കണം. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഉത്സവം ആഘോഷിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിൽ സഹകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.